കാൽഗറി : നഗരത്തിൽ വീണ്ടും ജലനിയന്ത്രണം ഏർപ്പെടുത്തുമെന്ന് കാൽഗറി സിറ്റി അധികൃതർ അറിയിച്ചു. നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പായ ‘ബിയർസ്‌പൗ സൗത്ത് ഫീഡർ മെയിൻ’ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ മാർച്ച് 9 മുതൽ നാലാഴ്ചത്തേക്ക് ജലനിയന്ത്രണം ഏർപ്പെടുത്തുന്നത്. നഗരത്തിൻ്റെ ജലവിതരണ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്. വസന്തകാലത്ത് പുഴകളിൽ നീരൊഴുക്ക് കൂടുതലായതിനാലാണ് ഈ സമയം അറ്റകുറ്റപ്പണികൾക്കായി തിരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. നിയന്ത്രണ കാലയളവിൽ വീടിന് പുറത്തുള്ള ജലഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കുളിക്കുന്ന സമയം മൂന്ന് മിനിറ്റോ അതിൽ താഴെയോ ആയി പരിമിതപ്പെടുത്തണം. അത്യാവശ്യഘട്ടങ്ങളിൽ മാത്രം ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുക. വാഷിങ് മെഷീനുകളും ഡിഷ് വാഷറുകളും പൂർണ്ണമായി നിറഞ്ഞാൽ മാത്രം പ്രവർത്തിപ്പിക്കുകയെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ 18 മാസത്തിനിടെ ഈ പൈപ്പ് രണ്ട് തവണ പൊട്ടിയിട്ടുണ്ട്. ഈ ഘട്ടത്തിൽ അറ്റകുറ്റപ്പണികൾ നടത്തി പൈപ്പിലെ ബലക്ഷയമുള്ള ഒൻപത് ഭാഗങ്ങൾ ശക്തമാക്കും. അതേസമയം പൈപ്പ് ഏത് നിമിഷവും വീണ്ടും പൊട്ടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ഈ അറ്റകുറ്റപ്പണി അനിവാര്യമാണ്. ഈ പൈപ്പിന് പകരമായി പുതിയൊരു പൈപ്പ് നിർമ്മിക്കുമെന്നും ഈ പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാകുമെന്നും മേയർ ജെറോമി ഫർക്കാസ് അറിയിച്ചു.
