Wednesday, February 25, 2026

വ്യാപാര ദൗത്യം: കാർണിക്കൊപ്പം സ്കോട്ട് മോയും ഇന്ത്യയിലേക്ക്

റെജൈന : ആഗോള വ്യാപാര-സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ, വ്യാപാര ദൗത്യത്തിനായി പ്രധാനമന്ത്രി മാർക്ക് കാർണിക്കൊപ്പം സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോയും ഇന്ത്യയിലെത്തും. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന ത്രിരാഷ്ട്ര ഇൻഡോ-പസഫിക് പര്യടനത്തിന്‍റെ ഭാഗമായാണ് ഈ സന്ദർശനം. ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി വ്യാപാരം, നിക്ഷേപം, തന്ത്രപ്രധാനമായ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ത്യയിലേക്കുള്ള കാർണിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. കാർണിക്കൊപ്പം സ്കോട്ട് മോ തന്‍റെ ഇന്ത്യൻ സന്ദർശനം മുംബൈയിൽ നിന്ന് ആരംഭിക്കും. തുടർന്ന് ന്യൂഡൽഹിയിലെത്തുന്ന ഇരുവരും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

ഈ വർഷം ആദ്യം ഒരു വ്യാപാര ദൗത്യത്തിൽ മോ പ്രധാനമന്ത്രിയോടൊപ്പം ചൈന സന്ദർശിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ കാനഡ ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ തീരുവ കുറയ്ക്കുന്നതിനും പകരമായി കനേഡിയൻ കനോല ഉൽപ്പന്നങ്ങളുടെ താരിഫ് ചൈന കുറയ്ക്കുന്നതിനും തീരുമാനമായിരുന്നു. അതേസമയം ചൈനയിൽ നിന്നും വ്യത്യസ്തമായ ഒരു വിപണിയാണ് ഇന്ത്യയുടെതെന്ന് സ്കോട്ട് മോ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിൽ കാർഷിക ഉൽ‌പന്നങ്ങൾ, പൊട്ടാഷ് എന്നിവ മുതൽ യുറേനിയം പോലുള്ള മറ്റ് വിഭവങ്ങളുടെയും വ്യാപാരം വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് മോ പറഞ്ഞു. കൂടാതെ 2025 ഒക്ടോബറിൽ, ഇന്ത്യ കനേഡിയൻ മഞ്ഞ പയറിന് ഏർപ്പെടുത്തിയ 30% തീരുവ പിൻവലിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!