മെക്സിക്കോ സിറ്റി : അഞ്ച് ലോറികളില്‍ നിറയെ റീത്തുകള്‍, സ്വര്‍ണ്ണശവപ്പെട്ടി, സംഗീത പരിപാടി. ഇതൊരു ശവസംസ്‌കാര ചടങ്ങാണ്. മെക്‌സിക്കോയെ ഭീതിയിലാഴ്ത്തിയ മയക്കുമരുന്ന് മാഫിയാ തലവന്‍ എൽ മെൻചോയുടെ സംസ്‌കാരചടങ്ങ്. വന്‍സുരക്ഷയില്‍ നടന്ന പരിപാടി നടത്തിയത് മാഫിയ തന്നെ. കാര്‍ട്ടലിന്‍റെ പ്രധാന ശക്തികേന്ദ്രമായ ജാലിസ്‌കോ സംസ്ഥാനത്തെ ഗൗദലഹാരയ്ക്ക് സമീപമുള്ള ‘റെസിൻ്റോ ഡി ലാ പാസ്’ സെമിത്തേരിയിയിലാണ് ഈ ആഡംബര സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സംസ്‌കാരത്തിനിടെ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ മെക്‌സിക്കന്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചിരുന്നു.

സ്വര്‍ണ്ണ ശവപ്പെട്ടിയിലാണ് എൽ മെൻചോയുടെ മൃതദേഹം എത്തിച്ചത്. ‘പൂക്കള്‍ കൊണ്ട് മൂടിയ ട്രക്കിലാണ് സ്വര്‍ണ്ണ ശവപ്പെട്ടിയില്‍ മൃതദേഹം കൊണ്ടുവന്നത്. എല്‍ മുച്ചാച്ചോ അലെഗ്രെ’ എന്ന പരമ്പരാഗത ഗാനം ആലപിച്ചാണ് ചാപ്പലിലേക്ക് എൽ മെൻചോയുടെ സ്വര്‍ണ്ണ നിറത്തിലുള്ള ശവപ്പെട്ടി എത്തിച്ചത്. സംസ്‌കാര ഘോഷയാത്രയില്‍ മെക്‌സിക്കന്‍ നാടോടി സംഗീതമായ ‘റാഞ്ചെറോ’യും, മയക്കുമരുന്ന് തലവന്മാരെ പുകഴ്ത്തി പാടുന്ന ‘നാര്‍ക്കോ കോറിഡോസും’ ആലപിച്ചിരുന്നു. സംസ്കാര ചടങ്ങിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം ആളുകളും ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടി ധരിച്ചിരുന്നു. മെക്‌സിക്കോയുടെ പല ഭാഗങ്ങളില്‍നിന്നും എല്‍മെഞ്ചോയുടെ സംസ്‌കാര ചടങ്ങിന് ആളുകള്‍ എത്തിയിരുന്നു.

നെമെസിയോ ഒസെഗ്വേര സെർവാന്‍റസ് എന്ന ‘എൽ മെൻചോ’ മെക്സിക്കൻ സൈന്യത്തിന്‍റെ പ്രത്യേക സൈനിക നടപടിയിലാണ് കൊല്ലപ്പെട്ടത്. എൽ മെൻചോയുടെ മരണത്തിന് പിന്നാലെ മെക്സിക്കോയുടെ പല ഭാഗങ്ങളിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. മെക്സിക്കോയിലെ പടിഞ്ഞാറൻ നഗരമായ ജലിസ്‌കോയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് എൽ മെൻചോയെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ സൈന്യം പ്രത്യേക ഹെലിക്കോപ്റ്ററിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
