ഹാലിഫാക്സ് : നോവസ്കോഷയിൽ പുതിയ കാട്ടുതീ സീസൺ ഈ ഞായറാഴ്ച ആരംഭിക്കും. വർഷം മുഴുവനും കാട്ടുതീ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടെങ്കിലും, കാട്ടുതീ സീസണിൽ അധിക നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഇതോടെ മാർച്ച് 15 മുതൽ ഒക്ടോബർ 15 വരെ രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ ക്യാമ്പ് ഫയർ അടക്കമുള്ളവ അനുവദിക്കില്ല. പൊതുജനങ്ങൾക്കായി എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രവിശ്യാ സർക്കാർ അപ്‌ഡേറ്റ് ചെയ്യും. പ്രവിശ്യയിൽ കാട്ടുതീ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്നും 25,000 ഡോളർ പിഴ ഈടാക്കും. കഴിഞ്ഞ വർഷം, ലോങ് ലേക്ക് എന്നറിയപ്പെടുന്ന വലിയ കാട്ടുതീ കാരണം പ്രവിശ്യ ഔദ്യോഗിക കാട്ടുതീ സീസൺ രണ്ടാഴ്ചയിൽ കൂടുതൽ നീട്ടിയിരുന്നു.

മറ്റൊരു മാരിടൈംസ് പ്രവിശ്യയായ പ്രിൻസ് എഡ്വേഡ് ഐലൻഡിലും ഞായറാഴ്ച പുതിയ കാട്ടുതീ സീസൺ ആരംഭിക്കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് പ്രവിശ്യയിലെ കാട്ടുതീ നിയന്ത്രണ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യും. മാർച്ച് 15 മുതൽ നവംബർ 15 വരെ രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ കടുത്ത കാട്ടുതീ നിയന്ത്രണങ്ങൾ നടപ്പിലുണ്ടാകും. അതേസമയം ഏപ്രിലിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ് ന്യൂബ്രൺസ്വിക്കിൽ കാട്ടുതീ സീസൺ വീണ്ടും ആരംഭിക്കുന്നത്.
