ഓട്ടവ : ഇറാനിയൻ നേതൃത്വവുമായുള്ള ബന്ധം കാരണം 239 ട്രാവൽ വീസകൾ റദ്ദാക്കിയതായി കനേഡിയൻ ബോർഡർ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇറാനിയൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരായതിനാൽ മുപ്പത്തിരണ്ട് പേരെ കാനഡയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) റിപ്പോർട്ട് ചെയ്തു. അതേസമയം കാനഡയിലേക്ക് വരാൻ എല്ലാ ഇറാനിയൻ പൗരന്മാരും വീസ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഈ അപേക്ഷകൾ പരിശോധിച്ച് കൂടുതൽ സുരക്ഷാ പരിശോധനയ്ക്കായി CBSA-യിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. തുടർന്ന് അന്തിമ തീരുമാനത്തിനായി വീസ അപേക്ഷകൾ ഐആർസിസി-യിലേക്ക് നൽകും. ഇത്തരത്തിൽ ഇതുവരെ ഏകദേശം 17,800 വീസ അപേക്ഷകൾ നിരസിച്ചിട്ടുണ്ടെന്നും CBSA അറിയിച്ചു.

2022 നവംബറിൽ ഫെഡറൽ സർക്കാർ മുതിർന്ന ഇറാനിയൻ സർക്കാർ ഉദ്യോഗസ്ഥർക്കും സുരക്ഷാ, ഇന്‍റലിജൻസ് ഏജൻ്റുമാർക്കും ഉപരോധം ഏർപ്പെടുത്തിയിരുന്നു. കാനഡയിൽ സുരക്ഷിത താവളം തേടുന്നതിൽ നിന്നും തടയാൻ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സിബിഎസ്എ പറയുന്നു. 2024-ൽ, കനേഡിയൻ സർക്കാർ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) – തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. IRGC ഹിസ്ബുള്ള, ഹമാസ് പോലുള്ള തീവ്രവാദ സംഘടനകളുമായി ചേർന്ന് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഫെഡറൽ സർക്കാർ വ്യക്തമാക്കിയിരുന്നു.
