എഡ്മിന്‍റൻ : ആൽബർട്ട അഞ്ചാംപനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. സമീപ ദിവസങ്ങളിൽ ഡസൻ കണക്കിന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആൽബർട്ട ഹെൽത്ത് അറിയിച്ചു. വാരാന്ത്യത്തിൽ മാത്രം 36 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഈ വർഷം ഇതുവരെ പ്രവിശ്യയിലെ ആകെ കേസുകളുടെ എണ്ണം നൂറ്റിഅമ്പതിൽ കൂടുതലായി.

സൗത്ത് സോണിലാണ് പുതിയ അണുബാധകളിൽ ഭൂരിഭാഗവും കണ്ടെത്തിയത്. എന്നാൽ, എഡ്മിന്‍റൻ, കാൽഗറി, നോർത്ത് സോൺ എന്നിവിടങ്ങളിലും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗപ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരിലാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം കാനഡയിൽ ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകൾ ആൽബർട്ടയിലും മാനിറ്റോബയിലുമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. മാനിറ്റോബയിൽ നിലവിൽ 269 അണുബാധകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ആൽബർട്ടയുടെ അയൽ പ്രവിശ്യകളിൽ വളരെ കുറച്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം സസ്കാച്വാനിൽ അഞ്ച് കേസുകളും ബ്രിട്ടിഷ് കൊളംബിയയിൽ 18 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
