തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണ്ണ-വജ്ര ആഭരണങ്ങള്‍ മോഷണം പോയതായി കാട്ടി കൊട്ടാരമംഗലം ഗൗരി ലക്ഷ്മി ഭായ് പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കി. കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
പരമ്പരാഗതമായി കൈമാറി വന്ന അപൂര്‍വമായ ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയില്‍ ഏറെയും. വജ്രം പതിച്ച ആഭരണങ്ങള്‍, പവിഴവും സ്വര്‍ണ്ണമുത്തും കോര്‍ത്ത മാലകള്‍, പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള പാദസരങ്ങള്‍, പച്ചക്കല്ല് പതിച്ച നാഗപട മാലയും കമ്മലും, റൂബി-ഡയമണ്ട് വളകള്‍, പദ്മനാഭസ്വാമിയുടെ ചിത്രം പതിച്ച പതക്കം, അഞ്ച് കുതിര പവന്‍ നാണയങ്ങള്‍ എന്നിവ മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു.

കവടിയാര്‍ കൊട്ടാരത്തില്‍ നിലവില്‍ രണ്ട് തമ്പുരാട്ടിമാര്‍ മാത്രമാണ് താമസിക്കുന്നത്. സംഭവമറിഞ്ഞ് ആദിത്യ വര്‍മ്മ ഇന്ന് രാത്രിയോടെ കൊട്ടാരത്തില്‍ എത്തും. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കൊട്ടാരത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് നടന്ന കവര്‍ച്ചയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
