അബുദാബി: യുഎഇക്ക് നേരെയുണ്ടായ സൈനിക ആക്രമണ ദൃശ്യങ്ങള്‍ പകർത്തുകയും തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തതിന് 17 ഇന്ത്യക്കാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ 25 പേരാണ് ആകെ പിടിയിലായത്. യുഎഇ അറ്റോർണി ജനറലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ പ്രതിരോധ നടപടികളെ ബാധിക്കുന്നതും ജനങ്ങളിൽ ഭീതി പടർത്തുന്നതുമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.
അറസ്റ്റിലായവർ മൂന്ന് വിഭാഗങ്ങളിൽപ്പടുന്നവർ ആണ്. ഒന്നാമത്തെ വിഭാഗം ആക്രമണ ദൃശ്യങ്ങൾ നേരിട്ട് പകർത്തി, ഭയപ്പെടുത്തുന്ന കുറിപ്പുകളോടെ പങ്കുവെച്ച 12 പേർ. ഇതിൽ 7 പേർ ഇന്ത്യക്കാരാണ്.

രണ്ടാമത്തെ വിഭാഗം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ച 7 പേർ. ഇതിൽ 5 പേർ ഇന്ത്യക്കാരാണ്. മൂന്നാമത്തെ വിഭാഗം ആക്രമണം നടത്തുന്ന രാജ്യത്തെയും അവരുടെ സൈനിക ശേഷിയെയും പുകഴ്ത്തി സംസാരിച്ച 6 പേർ. ഇതിൽ 5 പേർ ഇന്ത്യക്കാരാണ്.
ഇതോടെ സമാനമായ കുറ്റകൃത്യങ്ങൾക്ക് യുഎഇയിൽ പിടിയിലായവരുടെ എണ്ണം 80 ആയി. അതേസമയം, ഫുജൈറയിലുണ്ടായ ഡ്രോണാക്രമണത്തിൽ പരിക്കേറ്റ ജോർദാൻ സ്വദേശി ചികിത്സയിലാണ്. അബുദാബി റുവൈസ് ഇൻഡസ്ട്രിയൽ സോണിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.
