വൻകൂവർ : മണ്ണിടിച്ചിലിനെ തുടർന്ന് വടക്കൻ ബ്രിട്ടിഷ് കൊളംബിയയിലെ തീരപ്രദേശത്ത് ട്രെയിൻ പാളം തെറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ പ്രിൻസ് റൂപർട്ടിന് സമീപം പോർട്ട് എഡ്വേർഡ് കമ്മ്യൂണിറ്റിയിലാണ് അപകടം നടന്നതെന്ന് സിഎൻ റെയിൽ അറിയിച്ചു. നിരവധി ഒഴിഞ്ഞ ഗ്രെയിൻ ഹോപ്പർ ബോഗികളും ലീഡ് ലോക്കോമോട്ടീവും പാളം തെറ്റിയിട്ടുണ്ട്.

അതേസമയം പാളം തെറ്റലിന്‍റെ ഫലമായി അപകടകരമായ സാധനങ്ങൾ ചോരുകയോ സ്ഫോടനമോ ഉണ്ടായിട്ടില്ലെന്ന് സിഎൻ റെയിൽ റിപ്പോർട്ട് ചെയ്തു. ട്രെയിനിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണ്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഉദ്യോഗസ്ഥർ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഗതാഗത സുരക്ഷാ ബോർഡ് അറിയിച്ചു.
