ദുബായ്: യുഎഇയ്ക്ക് നേരെയുള്ള ശത്രുരാജ്യങ്ങളുടെ ആക്രമണശ്രമങ്ങളെ വീണ്ടും പരാജയപ്പെടുത്തി രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം. ഞായറാഴ്ച മാത്രം നാല് ബാലിസ്റ്റിക് മിസൈലുകളും 25 ഡ്രോണുകളുമാണ് യുഎഇ വിജയകരമായി വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഷാർജ തീരത്ത് നിന്ന് 15 നോട്ടിക്കൽ മൈൽ അകലെ ഒരു കപ്പലിന് സമീപം സ്ഫോടനം നടന്നതായി റിപ്പോർട്ടുണ്ട്. മിസൈലുകൾ തകർത്തപ്പോഴുണ്ടായ ചീളുകൾ വീണാണ് സ്ഫോടനമുണ്ടായത്. എന്നാൽ കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. കഴിഞ്ഞ മണിക്കൂറുകളിൽ ജനവാസ മേഖലകളിൽ അപകടങ്ങളോ പുതിയതായി ആർക്കും പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാൻ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ ആകെ 345 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,773 ഡ്രോണുകളും യു.എ.ഇ പ്രതിരോധിച്ചു.

തുടർച്ചയായ ആക്രമണങ്ങളിൽ ഇതുവരെ രാജ്യത്ത് എട്ടുപേർ മരിക്കുകയും 160 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ ഇന്ത്യക്കാരടക്കമുള്ളവർ ചികിത്സ കഴിഞ്ഞ് മടങ്ങി. ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
