മനില: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ രാജ്യത്ത് ‘ ഊർജ്ജ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു. രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതും വിതരണ ശൃംഖല തടസ്സപ്പെട്ടതുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചത്.
പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഒരു വർഷത്തേക്ക് പ്രാബല്യത്തിലുണ്ടാകും. ഇന്ധന വിതരണത്തിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കാനും ഊർജ്ജ സംരക്ഷണ നടപടികൾ നടപ്പിലാക്കാനും പ്രസിഡന്റിന് അധികാരം ലഭിക്കും. ഭക്ഷണം, മരുന്ന്, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം കാരണം ജെറ്റ് ഇന്ധനത്തിന് ക്ഷാമം നേരിട്ടാൽ രാജ്യത്തെ വിമാനങ്ങൾ നിലത്തിറക്കേണ്ടി വരുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഫിലിപ്പീൻസ് സെനറ്റിൽ ഭരണകൂടവും സെനറ്റർമാരും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നു. എണ്ണ നികുതി കുറയ്ക്കുന്നതുൾപ്പെടെയുള്ള നിയമനിർമ്മാണത്തിൽ സെനറ്റർമാർ വീഴ്ച വരുത്തിയെന്ന് സർക്കാർ ആരോപിച്ചതാണ് തർക്കത്തിന് കാരണമായത്. എന്നാൽ തങ്ങൾ കൃത്യസമയത്ത് നിയമം പാസാക്കിയെന്നും സർക്കാർ നടപടികൾ വൈകിപ്പിക്കുകയാണെന്നും സെനറ്റർ ലോറൻ ലെഗാർഡ തിരിച്ചടിച്ചു. ഇന്ധനവില നേരിട്ട് കുറയ്ക്കുന്നതിനേക്കാൾ ഉപരിയായി, ഗതാഗതം, വ്യവസായം, ഭക്ഷണം എന്നീ മേഖലകളെ തകർച്ചയിൽ നിന്ന് സംരക്ഷിക്കാനാണ് ഈ അടിയന്തര പ്രഖ്യാപനം ലക്ഷ്യമിടുന്നത്.
