Saturday, August 1, 2026

ഗസ്സ നിരായുധീകരണ കരാറിനെ സ്വാഗതം ചെയ്ത് UAE; ശാശ്വത സമാധാനത്തിന് വഴിതുറക്കുമെന്ന് പ്രതീക്ഷ

ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗസ്സ നിരായുധീകരണ കരാറിനെ സ്വാഗതം ചെയ്ത് യുഎഇ. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് വിരാമമിടാനും ശാശ്വത സമാധാനത്തിലേക്ക് വഴിതുറക്കാനും ഈ നീക്കം സഹായകരമാകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കരാർ യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കുവഹിച്ച അമേരിക്കൻ നേതൃത്വത്തെയും ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുടെ ഇടപെടലുകളെയും മന്ത്രാലയം അഭിനന്ദിച്ചു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ഈ രാജ്യങ്ങൾ നൽകിയ പിന്തുണ നിർണായകമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഘട്ടംഘട്ടമായുള്ള ഗസ്സയുടെ നിരായുധീകരണം, ഇസ്രായേൽ സൈന്യത്തിന്റെ പൂർണ പിന്മാറ്റം, അന്താരാഷ്ട്ര സ്ഥിരതാ സേനയുടെയും പുതിയ പലസ്തീൻ പൊലീസ് സേനയുടെയും വിന്യാസം എന്നിവയാണ് കരാറിലെ പ്രധാന നിർദേശങ്ങളായി പരാമർശിക്കപ്പെടുന്നത്. ഈ നടപടികൾ നടപ്പായാൽ ഗസ്സയിലെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന മാനുഷിക പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നും മേഖലയിലെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നും യുഎഇ പ്രത്യാശ പ്രകടിപ്പിച്ചു.

പലസ്തീൻ ജനതയ്ക്ക് അടിയന്തരവും തടസ്സരഹിതവുമായി മാനുഷിക സഹായങ്ങൾ എത്തിക്കേണ്ടതിന്റെ ആവശ്യകതയും യുഎഇ വീണ്ടും ആവർത്തിച്ചു. സുരക്ഷയും സ്ഥിരതയും ഉറപ്പുനൽകുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ ഒത്തുതീർപ്പാണ് ഇസ്രായേൽ–പലസ്തീൻ സംഘർഷത്തിന് ദീർഘകാല പരിഹാരമെന്ന നിലപാടിലും യുഎഇ ഉറച്ചുനിൽക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!