Friday, March 27, 2026

വിദേശ പതാകകൾ സിറ്റി ഹാളിൽ ഉയർത്തുന്നത് നിരോധിക്കാൻ ടൊറന്റോ

ടൊറന്റോ: ടൊറന്റോ സിറ്റി ഹാളിന് മുന്നിലും മറ്റ് സിവിക് സെന്ററുകളിലും വിദേശ രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്ന ചടങ്ങുകൾ നിരോധിക്കാൻ സിറ്റി കൗൺസിൽ തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി നടന്ന വോട്ടെടുപ്പിൽ 7-നെതിരെ 19 വോട്ടുകൾക്കാണ് ഈ നിർണ്ണായക പ്രമേയം പാസാക്കിയത്. കൗൺസിലർ ജോൺ ബേൺസൈഡ് അവതരിപ്പിച്ച ഈ നീക്കം അനുസരിച്ച്, ഡിസംബർ ഒന്ന് മുതൽ വിദേശ രാജ്യങ്ങളുടെ പതാകകളോ അവയുടെ ചിത്രങ്ങളുള്ള മറ്റ് പതാകകളോ ഉയർത്തുന്നത് പൂർണ്ണമായും നിർത്തലാക്കും. നിലവിൽ ബുക്ക് ചെയ്തിട്ടുള്ള ചടങ്ങുകൾക്ക് മാത്രമായിരിക്കും ഇനി അനുമതി നൽകുക.

ലില്ലി ചെങ്, മൈക്ക് കോൾ, അസ്മ മാലിക്, നിക്ക് മന്റാസ്, ജമാൽ മിയേഴ്സ്, ജെയിംസ് പാസ്റ്റർനാക്, നീതൻ ഷാൻ എന്നീ കൗൺസിലർമാർ നിരോധനത്തെ എതിർത്ത് വോട്ട് ചെയ്തു. ചുരുക്കം ചില ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തിന്റെ പേരിൽ സിറ്റി അംഗീകരിക്കുന്ന 160 രാജ്യങ്ങളുടെ പതാകകൾ ഒഴിവാക്കുന്നത് ശരിയല്ലെന്ന് നിക്ക് മന്റാസ് ചർച്ചയിൽ അഭിപ്രായപ്പെട്ടു. സ്വന്തം രാജ്യത്തിന്റെ പതാക ഉയരുന്നത് കാണുമ്പോൾ ആളുകളിലുണ്ടാകുന്ന വൈകാരിക ബന്ധത്തെക്കുറിച്ച് ലില്ലി ചെങ്ങും സംസാരിച്ചു. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും വിവിധ പ്രവാസി ഗ്രൂപ്പുകൾക്കിടയിൽ വർധിച്ചു വരുന്ന ഭിന്നതയുമാണ് പതാക ഉയർത്തുന്നത് നിരോധിക്കാൻ കാരണമായി പല കൗൺസിലർമാരും ചൂണ്ടിക്കാണിച്ചത്.

സമാനമായ രീതിയിൽ കഴിഞ്ഞ വർഷം കാൽഗറി സിറ്റിയും വിദേശ പതാകകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ നിരോധനം എല്ലാ പതാകകൾക്കും ബാധകമല്ല. തദ്ദേശീയരായ ഗോത്രവർഗക്കാരുടെ പതാകകൾ, ഇന്റർസെക്സ് പ്രൈഡ് ഫ്ലാഗ്, ബ്ലാക്ക് ലിബറേഷൻ ഫ്ലാഗ്, പ്രൊഫഷണൽ കായിക സംഘടനകളുടെ പതാകകൾ, ടൊറന്റോയുടെ ഇന്റർനാഷണൽ അലയൻസ് പ്രോഗ്രാമിന്റെ ഭാഗമായ നഗരങ്ങളുടെ പതാകകൾ എന്നിവ ഉയർത്തുന്നതിന് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!