ന്യൂയോർക്ക്: പ്രമുഖ പലസ്തീൻ അനുകൂല മനുഷ്യാവകാശ പ്രവർത്തക നർദീൻ കിസ്വാനിയുടെ വീട് ബോംബെറിഞ്ഞ് തകർക്കാനുള്ള വൻ വൻ നീക്കത്തെ നിഷ്ഫലമാക്കി എഫ്.ബി.ഐ (FBI). സംഭവത്തിൽ ന്യൂജേഴ്‌സി സ്വദേശിയായ 31-കാരൻ ആൻഡ്രൂ ഹൈഫ്‌ലറെ പൊലീസ് അറസ്റ്റ് ചെയ്തു. കിസ്വാനിയുടെ വീടിന് നേരെ എറിയാനായി പെട്രോൾ ബോംബുകൾ നിർമ്മിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായതെന്നാണ് റിപ്പോർട്ട്.
‘വിത്തിൻ അവർ ലൈഫ് ടൈം’ എന്ന സംഘടനയുടെ സഹസ്ഥാപകയായ കിസ്വാനിയെ ലക്ഷ്യമിട്ട് മാസങ്ങൾ നീണ്ട ആസൂത്രണമാണ് പ്രതി നടത്തിയത്. ഫെബ്രുവരി മുതൽ ഒരു രഹസ്യ പൊലീസ് ഉദ്യോഗസ്ഥനുമായി ഹൈഫ്‌ലർ ഈ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കിസ്വാനിയുടെ വീടും പരിസരവും നിരീക്ഷിച്ച പ്രതി, ആക്രമണത്തിന് ശേഷം രാജ്യം വിടാനും ലക്ഷ്യമിട്ടിരുന്നു. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ സ്ഫോടക വസ്തുക്കളായി ഉപയോഗിക്കാവുന്ന എട്ട് പെട്രോൾ ബോംബുകൾ പൊലീസ് കണ്ടെടുത്തു.

തന്റെ ജീവന് നേരെ ഭീഷണിയുണ്ടെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥർ തന്നെ വിളിച്ച് അറിയിച്ചതായി നർദീൻ കിസ്വാനി പറഞ്ഞു. വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും എന്നാൽ പലസ്തീന് വേണ്ടി സംസാരിക്കുന്നവർക്ക് നേരെ ഇത്തരം ഭീഷണികൾ പതിവാണെന്നും അവർ പ്രതികരിച്ചു. പ്രതിക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഏപ്രിൽ 10-ന് ഇയാളെ കോടതിയിൽ ഹാജരാക്കും.
