ഓട്ടവ: പോസ്റ്റൽ ഹോം ഡെലിവറി സ്ഥിരമായി നിർത്തലാക്കിയേക്കാവുന്ന തരത്തിലുള്ള വൻ പരിഷ്കരണ നടപടികളുമായി കാനഡ പോസ്റ്റ് . കഴിഞ്ഞ വർഷം ഫെഡറൽ സർക്കാർ നിർദ്ദേശിച്ച പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. നികുതിദായകർക്ക് അധിക ബാധ്യതയാകാതെ കനേഡിയൻ ജനതയുടെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബിസിനസ് മോഡലിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കാനഡ പോസ്റ്റ് അറിയിച്ചു.

കാനഡ പോസ്റ്റ് നിലവിൽ വലിയൊരു പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് ട്രാൻസ്ഫർമേഷൻ മന്ത്രി ജോയൽ ലൈറ്റ്ബൗണ്ട് കഴിഞ്ഞ സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു. 2018 മുതൽ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് സ്ഥാപനത്തിനുണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യം സുസ്ഥിരമല്ലെന്നും നിലനിൽപ്പിനായി വിപ്ലവകരമായ മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം തപാൽ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു.
കത്തുകൾ എത്തിക്കുന്നതിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുക, ഹോം ഡെലിവറി അവസാനിപ്പിച്ച് പകരം കമ്മ്യൂണിറ്റി മെയിൽ ബോക്സുകൾ സ്ഥാപിക്കുക, ആധുനികവൽക്കരണം നടപ്പിലാക്കുക എന്നിവയാണ് പ്രധാന മാറ്റങ്ങൾ. നിർദ്ദിഷ്ട പദ്ധതിയുടെ വിശദാംശങ്ങളിൽ സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും പ്രാഥമിക നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തൊഴിലാളി സംഘടനകളുമായി ചർച്ചകൾ നടത്തുമെന്നും കാനഡ പോസ്റ്റ് അറിയിച്ചു.
