Monday, April 6, 2026

“ഒരാളെപ്പോലും വിടില്ല, വേട്ടയാടൽ തുടരും”; ഇറാന്റെ ഇന്റലിജൻസ് മേധാവിയെ വധിച്ചതായി ഇസ്രയേൽ

ടെഹ്‌റാൻ: ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ മജീദ് ഖദേമിയെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചു. പശ്‌ചിമേഷ്യൻ യുദ്ധം 38-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഇറാന് ഈ കനത്ത പ്രഹരമേറ്റിരിക്കുന്നത്. റെവല്യൂഷണറി ഗാർഡുകൾ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുമ്പോൾ തങ്ങൾ അവരുടെ നേതാക്കളെ ഉന്മൂലനം ചെയ്യുന്നുവെന്നും ഇറാന്റെ നേതാക്കൾ ഇനി ഭയത്തോടെയേ ജീവിക്കൂ എന്നും അവരെ ഓരോരുത്തരെയായി വേട്ടയാടുന്നത് തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി. ഇറാനിലെ ഉരുക്ക്, പെട്രോകെമിക്കൽ വ്യവസായങ്ങൾക്ക് ഇസ്രയേൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെന്നും, ഭീകര ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ കരുത്തനായ ഇന്റലിജൻസ് മേധാവി മജീദ് ഖദേമി അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കളുടെ ക്രിമിനൽ ആക്രമണത്തിൽ രക്തസാക്ഷിയായതായി ഐആർജിസി ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ജനവാസ മേഖലകൾക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിലാണ് ഖദേമി കൊല്ലപ്പെട്ടത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഇസ്രയേലും അമേരിക്കയും ഇറാനുനേരെയുള്ള ആക്രമണം ശക്തമാക്കുകയാണ്.

ടെഹ്‌റാനിലെ ജനവാസ മേഖലകളെ ലക്ഷ്യമാക്കി നടന്ന ശക്തമായ വ്യോമാക്രമ ണത്തിലാണ് ഖദേമി കൊല്ലപ്പെട്ടതെന്നാണ് സൂചന. കൃത്യമായ സ്ഥലം ഇറാൻ വെളി പ്പെടുത്തിയിട്ടില്ല. ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന് ശേഷം അധികാരമേറ്റ മകൻ മോജ്താബ ഇപ്പോൾ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തതയില്ല. അദ്ദേഹം യുദ്ധത്തിൽ പരിക്കേറ്റ് ചികിത്സയിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും തുടർച്ചയായി നഷ്ടപ്പെടുന്നത് ഇറാന്റെ സൈനിക-ഭരണ സംവിധാനങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ജൂണിൽ നടന്ന ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ ജനറൽ മൊഹമ്മദ് കസെമി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മജീദ് ഖദേമി ഇന്റലിജൻസ് തലപ്പത്തെത്തിയത്. ഫെബ്രുവരി 28 മുതൽ ഇറാനുനേരെ തുടരുന്ന ആക്രമണ പരമ്പരയിൽ ഇറാന് തങ്ങളുടെ പ്രമുഖരായ പല നേതാക്കളെയും സൈനിക ഉദ്യോഗസ്ഥരെയും ഇതിനോടകം നഷ്ടമായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!