ഹരാരെ: ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പരിഹാസവുമായി ഇറാൻ. സിംബാബ്വെയിലെ ഇറാനിയൻ എംബസിയാണ് സോഷ്യൽ മീഡിയയിലൂടെ ട്രംപിനെ പരിഹസിച്ച് രംഗത്തെത്തിയത്. “കടലിടുക്ക് തുറക്കാൻ കൈവശമുള്ള താക്കോൽ നഷ്ടപ്പെട്ടു” എന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനത്തോടുള്ള എംബസിയുടെ പ്രധാന പ്രതികരണം. ട്രംപിന്റെ രൂക്ഷമായ ഭാഷയിലുള്ള പോസ്റ്റുകൾക്ക് അതേ രീതിയിലുള്ള മറുപടികൾ നൽകുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുൻപ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ ഈ സമയപരിധിയെയും എംബസി പരിഹസിച്ചു. “രാത്രി 8 മണി അത്ര നല്ല സമയമല്ല, അത് ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിലോ അല്ലെങ്കിൽ പുലർച്ചെ 1 മണിക്കും 2 മണിക്കും ഇടയിലോ ആക്കാൻ പറ്റുമോ?” എന്നായിരുന്നു എംബസിയുടെ കുറിപ്പ്. ട്രംപിന്റെ ഭീഷണികൾക്ക് ലോകമെമ്പാടും വലിയ ഞെട്ടലുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ ട്രോളുകൾ വരുന്നത്.

ഇറാനെ ബോംബിട്ട് തിരിച്ച് ശിലായുഗത്തിലേക്ക് മടക്കുമെന്ന ട്രംപിന്റെ മുൻപത്തെ പ്രസ്താവനയ്ക്കും എംബസി മറുപടി നൽകി. “ഞങ്ങൾ ഇതുവരെ ശിലായുഗത്തിൽ എത്തിയിട്ടില്ല” എന്നായിരുന്നു എംബസിയുടെ പരിഹാസം. ട്രംപിന്റെ പ്രകോപനപരമായ പോസ്റ്റുകൾക്ക് പിന്നാലെ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള 25-ാം ഭേദഗതി നടപ്പിലാക്കണമെന്ന ആവശ്യവും അമേരിക്കയിൽ ശക്തമാകുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ചർച്ചകൾ നടക്കുമ്പോഴും ഇരുപക്ഷവും തമ്മിലുള്ള വാക്പോര് തുടരുകയാണ്.
