ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പൽ ഗതാഗതത്തിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ ഗൾഫ് മേഖലയിൽ യുദ്ധപ്രതീതി വർധിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം മുതൽ ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ, ഇറാനിയൻ തുറമുഖങ്ങളെ ലക്ഷ്യം വെച്ചാൽ പേർഷ്യൻ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി.

ഇറാനിലേക്കോ തിരിച്ചോ പോകുന്ന എല്ലാ കപ്പലുകളെയും തടയുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന് ‘ടോൾ’ നൽകുന്ന കപ്പലുകളെ അന്താരാഷ്ട്ര ജലാശയങ്ങളിൽ വെച്ച് തടയുമെന്നും, അമേരിക്കൻ സൈന്യത്തിന് നേരെ വെടിയുതിർത്താൽ ശക്തമായി തിരിച്ചടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മേഖലയിലെ സുരക്ഷ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ഇറാനെ തകർക്കാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതം അയൽരാജ്യങ്ങളിലെ തുറമുഖങ്ങളും അനുഭവിക്കേണ്ടി വരുമെന്നും ഖതം അൽ-അൻബിയ വക്താവ് വ്യക്തമാക്കി.
പാകിസ്ഥാനിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിൽ നടത്തിയ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ലോകത്തെ ഇന്ധന വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയായതിനാൽ, ഉപരോധം അന്താരാഷ്ട്ര വിപണിയെയും കപ്പൽ ഗതാഗതത്തെയും സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
