ടൊറന്റോ: ഒന്റാരിയോയിലെ ജയിലുകളില്‍ വന്‍തോതിലുള്ള വിപുലീകരണ പദ്ധതിയുമായി ഒന്റാരിയോ സര്‍ക്കാര്‍. 2050-ഓടെ പ്രവിശ്യയിലെ ജയിലുകളില്‍ ആറായിരത്തോളം പുതിയ ബെഡുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍വകലാശാലാ ഗവേഷകര്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഒന്റാരിയോയിലെ ജയിലുകള്‍ അവയുടെ ശേഷിയേക്കാള്‍ വളരെ കൂടുതല്‍ തടവുകാരെ ഉള്‍ക്കൊള്ളുന്ന അവസ്ഥയിലാണുള്ളത്.
മൂന്ന് ഘട്ടങ്ങളിലായാണ് ഈ വിപുലീകരണ പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ 2032-ഓടെ 1,170 പുതിയ ബെഡുകള്‍ നിര്‍മ്മിക്കും. ഇതിനായി ഏകദേശം 400 കോടി ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. തണ്ടര്‍ ബേ, ബ്രോക്ക്വില്‍, കെംപ്റ്റ്വില്‍, നപ്പാനി എന്നിവിടങ്ങളില്‍ പുതിയ ജയിലുകള്‍ നിര്‍മ്മിക്കാനും നിലവിലുള്ളവ നവീകരിക്കാനുമാണ് തീരുമാനം. രണ്ടാം ഘട്ടത്തില്‍ 2033 മുതല്‍ 2041 വരെ 1,500 ബെഡുകളും, അവസാന ഘട്ടത്തില്‍ 2050-ഓടെ 3,000 ബെഡുകളും കൂടി സജ്ജമാക്കും.
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അധികാരമേറ്റ സോളിസിറ്റര്‍ ജനറല്‍ മൈക്കല്‍ കേഴ്‌സ്നര്‍, ഒന്റാരിയോയുടെ സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമുള്ളത്ര ജയിലുകള്‍ നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കി. നിലവില്‍ ഒന്റാരിയോയിലെ ജയിലുകള്‍ അവയുടെ ശേഷിയുടെ 130 ശതമാനം തടവുകാരെയാണ് പാര്‍പ്പിക്കുന്നത്. പല ജയിലുകളിലും മൂന്ന് പേര്‍ക്ക് വീതം ഒരേ ബെഡ് പങ്കിടേണ്ടി വരുന്നുണ്ടെന്നും ഇത് ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും സുരക്ഷയെ ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വന്‍തുക ചിലവാക്കി ജയിലുകള്‍ നിര്‍മ്മിക്കുന്നത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള ശരിയായ വഴിയല്ലെന്നും പകരം സാമൂഹിക ക്ഷേമത്തിന് പണം ചിലവാക്കണമെന്നും ഗവേഷകര്‍ വിമര്‍ശിക്കുന്നു.
