Tuesday, April 14, 2026

വൻകിട പദ്ധതികൾക്ക് വേഗത്തിൽ അനുമതി; പുതിയ നിയമ പരിഷ്കാരവുമായി ആൽബർട്ട സർക്കാർ


എഡ്മിന്റൻ: സംസ്ഥാനത്തെ വൻകിട വ്യവസായ പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകുന്നതിനായി പുതിയ നിയമാവലി അവതരിപ്പിച്ച് ആൽബർട്ട സർക്കാർ. 250 ദശലക്ഷം ഡോളറിലധികം നിക്ഷേപമുള്ള പദ്ധതികൾക്കായി പ്രത്യേക ‘ആക്സിലറേറ്റഡ് റിവ്യൂ സിസ്റ്റം’ നടപ്പിലാക്കാനാണ് പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ ലക്ഷ്യമിടുന്നത്. ഊർജ്ജ മന്ത്രി ബ്രയാൻ ജീൻ ആണ് ഇതുസംബന്ധിച്ച ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. നിലവിലുള്ള സങ്കീർണ്ണമായ അനുമതി നടപടികൾ നിക്ഷേപകരെ പിന്നോട്ടടിക്കുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം. വൻകിട പദ്ധതികളുടെ അപേക്ഷകൾ ആദ്യം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. സ്വകാര്യ കമ്പനികൾക്ക് അവരുടെ അപേക്ഷകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ മന്ത്രിസഭാംഗങ്ങൾ നേരിട്ട് സഹായം നൽകും. മന്ത്രിസഭയുടെ പ്രാഥമിക അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, നിശ്ചിത റെഗുലേറ്ററി ബോഡികൾ 120 ദിവസത്തിനുള്ളിൽ അന്തിമ വിലയിരുത്തലുകൾ നടത്തി പെർമിറ്റുകൾ നൽകണം.

കുറഞ്ഞത് 250 ദശലക്ഷം ഡോളർ നിക്ഷേപമുള്ള പദ്ധതികൾക്കായിരിക്കും ഈ വേഗത്തിലുള്ള അനുമതി ലഭിക്കുക. കൂടാതെ, പ്രാഥമിക പരിസ്ഥിതി പരിശോധനകളും ഗോത്രവർഗ്ഗ വിഭാഗങ്ങളുമായുള്ള കൂടിയാലോചനകളും അപേക്ഷയ്ക്ക് മുൻപ് പൂർത്തിയാക്കിയിരിക്കണം. നിയമപരമായ ചുവപ്പുനാടകൾ ഒഴിവാക്കി ആൽബർട്ട നിക്ഷേപസൗഹൃദമാണെന്ന സന്ദേശം ആഗോളതലത്തിൽ നൽകാനാണ് ഈ പരിഷ്കാരത്തിലൂടെ ശ്രമിക്കുന്നതെന്ന് ബ്രയാൻ ജീൻ പറഞ്ഞു. ഈ വർഷം അവസാനത്തോടെ പുതിയ സംവിധാനം നിലവിൽ വരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!