Wednesday, April 15, 2026

ഇനി പാർക്കുകളിലും ബീച്ചുകളിലും മദ്യം; ഒന്റാരിയോയിലെ പ്രൊവിൻഷ്യൽ പാർക്കുകളിൽ നിയന്ത്രണങ്ങൾ നീക്കി

ടൊറന്റോ: ഒന്റാരിയോയിലെ പ്രൊവിൻഷ്യൽ പാർക്കുകളിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും ക്യാമ്പർമാർക്കും ഇനി മദ്യം ഉപയോഗിക്കാം. പാർക്കിലെ ക്യാമ്പ് സൈറ്റുകളിൽ മാത്രം പരിമിതപ്പെടുത്തിയിരുന്ന മദ്യപാനം ഇനി ബീച്ചുകളിലും പിക്നിക് ഏരിയകളിലും അനുവദിക്കാൻ പ്രീമിയർ ഡഗ് ഫോർഡിന്റെ സർക്കാർ തീരുമാനിച്ചു. 2026-ലെ സമ്മർ സീസൺ ആരംഭിക്കുന്നത് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇതുവരെ സ്വന്തം ക്യാമ്പ് സൈറ്റുകളിൽ മാത്രമേ മദ്യം അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ ഉത്തരവ് പ്രകാരം പാർക്കിലെ ഭൂരിഭാഗം സ്ഥലങ്ങളിലും, പ്രത്യേകിച്ച് ബീച്ചുകൾ, പിക്നിക് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യം ഉപയോഗിക്കാം. അതേ സമയം കുട്ടികൾ കളിക്കുന്ന പ്ലേഗ്രൗണ്ടുകൾ, സ്പോർട്സ് ഏരിയകൾ എന്നിവിടങ്ങളിൽ മദ്യപാനം അനുവദിക്കില്ല. ഇത്തരം സ്ഥലങ്ങളിൽ ‘നോ ആൽക്കഹോൾ’ ബോർഡുകൾ സ്ഥാപിക്കും. സന്ദർശകർക്ക് മദ്യം കൈവശം വെക്കാം അല്ലെങ്കിൽ തിരഞ്ഞെടുത്ത ചില പാർക്കുകളിൽ നിന്ന് നേരിട്ട് വാങ്ങാനും സൗകര്യമുണ്ടാകും. ജനങ്ങളെ കൊച്ചുകുട്ടികളെപ്പോലെ കാണാൻ കഴിയില്ലെന്ന്‌ നിയമപരിഷ്കരണത്തെക്കുറിച്ച് പരിസ്ഥിതി-പാർക്ക് മന്ത്രി ടോഡ് മക്കാർത്തി പറഞ്ഞു. ഇത് 2026 ആണെന്നും നമ്മുടെ പൗരന്മാരെ കൊച്ചുകുട്ടികളെപ്പോലെ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ഉത്തരവാദിത്തത്തോടെ മദ്യപിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബീച്ചുകളിൽ മദ്യം അനുവദിക്കുന്നത് മുങ്ങിമരണങ്ങൾ വർദ്ധിപ്പിക്കില്ലേ എന്ന ചോദ്യത്തിന്, മദ്യപിച്ചിട്ടുണ്ടെങ്കിൽ നീന്താൻ ഇറങ്ങരുത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. മദ്യപാനത്തിന് ഇളവുകൾ നൽകുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ വിട്ടുവീഴ്ചയു ണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പൊതുസ്ഥലത്തെ മോശം പെരുമാറ്റം, പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനം, വാഹനങ്ങളിലോ ബോട്ടുകളിലോ തുറന്ന നിലയിൽ മദ്യം സൂക്ഷിക്കൽ ഉൾപ്പെ‌ടെ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. നേരത്തെ കോർണർ സ്റ്റോറുകളിലും ഗ്യാസ് സ്റ്റേഷനുകളിലും മദ്യം വിൽക്കാൻ അനുമതി നൽകിയതിന് പിന്നാലെയാണ് ഫോർഡ് സർക്കാരിന്റെ ഈ പുതിയ നടപടി. ഒന്റാരിയോയിലെ ടൂറിസം മേഖലയ്ക്ക് ഇത് വലിയ ഉണർവ് നൽകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!