ബീജിങ്: ഇറാൻ ഭരണകൂടത്തിന് ചൈന സൈനിക സഹായം നൽകുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ പൂർണ്ണമായും നിഷേധിച്ച ചൈന, ഇതിന്റെ പേരിൽ തങ്ങൾക്കെതിരെ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. ചൈനീസ് നിർമ്മിത ഉപഗ്രഹങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും ഇറാനെ സഹായിക്കുന്നുവെന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്ന് ചൈനീസ് വക്താവ് ലിൻ ജിയാൻ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിൽ തങ്ങൾ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. ഇറാനെ സഹായിക്കുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നാണ് ചൈനയുടെ നിലപാട്. മധ്യേഷ്യയിലെ യുഎസ് സൈനിക താവളങ്ങളെ നിരീക്ഷിക്കാൻ ഇറാൻ TEE-01B എന്ന ചൈനീസ് ഉപഗ്രഹം സ്വന്തമാക്കിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ചൈന ഔദ്യോഗിക വിശദീകരണം നൽകിയത്.

യുക്രൈൻ യുദ്ധത്തിൽ റഷ്യയെ ഇറാൻ ഡ്രോണുകൾ നൽകി സഹായിക്കുന്നുണ്ട്. പകരമായി റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നു. അതേസമയം, അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും ഇറാന്റെ എണ്ണയുടെ പ്രധാന വാങ്ങലുകാർ ചൈനയാണ്. ഇറാനുമായുള്ള സൗഹൃദം നിലനിർത്തുന്നതിനൊപ്പം തന്നെ ആഗോളതലത്തിൽ ‘നിഷ്പക്ഷർ’ എന്ന് തോന്നിപ്പിക്കാനാണ് ചൈനയുടെ ശ്രമം. വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകുന്നത് ആക്രമണത്തിനല്ല, മറിച്ച് പ്രതിരോധത്തിനാണെന്ന വാദമാണ് ചൈന ഉയർത്തുന്നത്. എന്നാൽ യുഎസ് ഉപരോധങ്ങൾ മറികടന്ന് ചൈനീസ് കമ്പനികൾ ഇറാന് സാങ്കേതിക വിദ്യകൾ കൈമാറുന്നത് തുടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
