ഓട്ടവ: കാനഡയിലെ ലക്ഷക്കണക്കിന് വീടുകളിൽ നേരിട്ട് തപാൽ എത്തിക്കുന്ന ‘ഡോർ-ടു-ഡോർ’ ഡെലിവറി സംവിധാനം നിറുത്തലാക്കി കാനഡ പോസ്റ്റ്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഈ മാറ്റം. ആദ്യ ഘട്ടത്തിൽ 1,36,000 അഡ്രസുകളിൽ ഇനി മുതൽ കമ്മ്യൂണിറ്റി മെയിൽബോക്സുകൾ വഴിയായിരിക്കും തപാൽ വിതരണം ചെയ്യുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ 40 ലക്ഷത്തോളം വീടുകളിൽ നേരിട്ടുള്ള വിതരണം അവസാനിപ്പിച്ച് പകരം കേന്ദ്രീകൃതമായ കമ്മ്യൂണിറ്റി മെയിൽബോക്സുകൾ സ്ഥാപിക്കാനാണ് കാനഡ പോസ്റ്റിന്റെ തീരുമാനം. ഓട്ടവ, എറ്റോബിക്കോ, വൻകൂവർ തുടങ്ങിയ നഗരങ്ങളിലെ 13 കമ്മ്യൂണിറ്റികളിലാണ് ഈ വർഷം അവസാനം മാറ്റം നടപ്പിലാക്കുക. ബി.സി, ഒന്റാരിയോ എന്നിവിടങ്ങളിലെ കൂടുതൽ സ്ഥലങ്ങളെ ഇത് ബാധിക്കും. ഒരു വീട്ടിൽ നേരിട്ട് മെയിൽ എത്തിക്കുന്നതിന് ചെലവാകുന്ന തുകയുടെ പകുതി മാത്രമേ കമ്മ്യൂണിറ്റി ബോക്സുകൾ വഴി വിതരണം നടത്തുമ്പോൾ വരികയുള്ളൂ. ഇതിലൂടെ പ്രതിവർഷം 400 മില്യൺ ഡോളർ ലാഭിക്കാനാണ് പോസ്റ്റൽ വകുപ്പ് ലക്ഷ്യമിടുന്നത്.

2018 മുതൽ കാനഡ പോസ്റ്റ് ഏകദേശം 3.8 ബില്യൺ ഡോളർ നഷ്ടത്തിലാണ്. നികുതിപ്പണത്തെ ആശ്രയിക്കാതെ സ്വയം പര്യാപ്തമാകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിഷ്കാരം. മെയിലുകൾ സുരക്ഷിതമായി സൂക്ഷിക്കാവുന്ന ലോക്കറുകൾ അടങ്ങിയ കമ്മ്യൂണിറ്റി ബോക്സുകൾ ഓരോ പ്രദേശത്തും സ്ഥാപിക്കും. ഗുണഭോക്താക്കൾക്ക് തങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് അവിടെയെത്തി മെയിലുകൾ ശേഖരിക്കാം. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി പ്രത്യേക സഹായ പദ്ധതികൾ ലഭ്യമാക്കുമെന്ന് കാനഡ പോസ്റ്റ് വക്താവ് ജോൺ ഹാമിൽട്ടൺ അറിയിച്ചു. ഈ നടപടി പൊതുജനങ്ങൾക്കും പോസ്റ്റൽ തൊഴിലാളികൾക്കും ദോഷകരമാകുമെന്ന് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) പ്രതികരിച്ചു. വരും ദിവസങ്ങളിൽ പുതിയ കരാറിനെ ചൊല്ലിയുള്ള വോട്ടെടുപ്പും തൊഴിലാളികൾക്കിടയിൽ നടക്കും.
ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട പ്രധാന മേഖലകൾ:
ഓട്ടവ: K1B, K1G, K1H, K1J, K1K
വിനിപെഗ്: R2P, R2R, R2V, R2W, R2X, R3E, R3H
നോർത്ത് & വെസ്റ്റ് വൻകൂവർ: V7M, V7P, V7R, V7S, V7T, V7V, V7W
സെപ്റ്റ്-ഐൽസ് (Sept-Îles, Que): G4R, G4S
