തൃശ്ശൂർ: സന്തോഷത്തോടെ മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് എൽ.പി. സ്കൂളിൽനിന്ന് പുറപ്പെട്ട ആ വിനോദയാത്ര അത്രയേറെ വേദനിപ്പിക്കുന്ന ദുരന്തമായതിൻ്റെ വേദനയിലാണ് നാട്ടുകാർ. അതിരപ്പിള്ളിയുടെ വന്യഭംഗിയും വാഴച്ചാലിന്റെ കുളിർമയും ആസ്വദിച്ച്, മലക്കപ്പാ റയിലെ കാനനപാതയിലൂടെ വാൽപ്പാറ സന്ദർശിക്കാനെത്തിയതായിരുന്നു സംഘം. അധ്യാപകരും കുട്ടികളും സ്കൂളിലെ പാചകക്കാരിയും അടങ്ങുന്ന സംഘത്തിന്റെ യാത്ര ഒടുവിൽ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. യാത്രയുടെ തുടക്കത്തിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തുനിന്ന് അവർ പകർത്തിയ ചിത്രങ്ങൾ ഇപ്പോൾ സങ്കടകരമായ ഓർമകളായി കണ്ണുനീർ ചിത്രമായി ബാക്കിയുണ്ട്. കാടിന്റെ മനോഹാരിതയും വാൽപ്പാറയിലെ 40 ഹെയർപിൻ വളവുകളും കടന്ന് പൊള്ളാച്ചി വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, വിധി അതിനൊന്നും കാത്തു നിന്നില്ല.

വളാഞ്ചേരി പാങ്ങ് പള്ളിപ്പറമ്പ് എൽ.പി. സ്കൂളിനും ആ നാടിനും ഇനി ഈ അധ്യാപകരും അവരുടെ പ്രിയപ്പെട്ടവരും നോവാർന്ന ഓർമ മാത്രം. വേനലവധിക്കാലവും വിഷുവിനും പിന്നാലെ കിട്ടിയ അവധിക്കാലം ആഘോഷിക്കാനാണ് അധ്യാപകർ യാത്ര പോയത്. അതിൽ ഒരു അധ്യാപിക മാത്രമാണ് പങ്കെടുക്കാതെ പോയതെന്ന് നാട്ടുകാർ പറയുന്നു.
ഏറെ അപകടം നിറഞ്ഞതാണ് 60 കിലോമീറ്ററോളം നീണ്ട ഈ പാത. 40 ഹെയർപിൻ വളവുകളുള്ള ഈ ചുരത്തിലെ ഓരോ വളവിലും അതീവ ജാഗ്രതയോടെയല്ലാതെ വാഹനമോടിക്കാനാവില്ല. ലോറി, ബസ് പോലുള്ള വലിയ വാഹനങ്ങൾക്ക് തിരിക്കാൻ പ്രയാസമുള്ള ഒട്ടേറെ വളവുകൾ ഈ പാതയിലുണ്ട്. നിയന്ത്രണം വിട്ടാൽ അഗാധമായ താഴ്ച്ചയിലേക്കാണ് വാഹനം പതിക്കുക എന്നത് യാത്രയെ ഭയാനകമാക്കുന്നതാണ്.
