ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണവും വെള്ളിയും നേരിട്ട് ഇറക്കുമതി ചെയ്യാന്‍ പ്രമുഖ ബാങ്കുകള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ പട്ടിക പ്രകാരം 15 ബാങ്കുകള്‍ക്ക് സ്വര്‍ണവും വെള്ളിയും, രണ്ട് ബാങ്കുകള്‍ക്ക് സ്വര്‍ണം മാത്രവും ഇറക്കുമതി ചെയ്യാം. 2026 ഏപ്രില്‍ 1 മുതല്‍ 2029 മാര്‍ച്ച് 31 വരെയുള്ള മൂന്ന് വര്‍ഷത്തേക്കാണ് ഈ അനുമതി.
സാധാരണഗതിയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വരേണ്ട വിജ്ഞാപനം ഏപ്രില്‍ പകുതി വരെ നീണ്ടുപോയത് വിപണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഉത്തരവ് വൈകിയതുമൂലം ബാങ്കുകള്‍ ഇറക്കുമതി നിര്‍ത്തിവെച്ചതോടെ അഞ്ച് ടണ്ണോളം സ്വര്‍ണവും എട്ട് ടണ്ണോളം വെള്ളിയും വിവിധ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാതെ കെട്ടിക്കിടക്കുകയായിരുന്നു. അക്ഷയ തൃതീയ പോലുള്ള പ്രധാന ആഘോഷങ്ങള്‍ വരാനിരിക്കെ സ്വര്‍ണ ലഭ്യത കുറയുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ടൈറ്റാന്‍, കല്യാണ്‍ ജുവലേഴ്സ് തുടങ്ങിയ മുന്‍നിര ഓഹരികളെയും ഈ അനിശ്ചിതത്വം ബാധിച്ചു.

പുതിയ ഉത്തരവ് വന്നതോടെ തടസ്സങ്ങള്‍ നീങ്ങുകയും വിപണിയില്‍ സ്വര്‍ണ ലഭ്യത ഉറപ്പാകുകയും ചെയ്യും. ഇത് വരാനിരിക്കുന്ന ഉത്സവ സീസണില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള പ്രമുഖ ബാങ്കുകളാണ് പട്ടികയിലുള്ളത്.
