ഓട്ടവ: പുതിയ കാർഷിക ഉൽപ്പന്നങ്ങൾക്ക് വേഗത്തിൽ അംഗീകാരം നൽകുന്നതിനായി കാനഡയിലെ കൺസർവേറ്റീവ് എംപി ഡേവിഡ് ബെക്സ്റ്റെ അവതരിപ്പിച്ച ബിൽ സി-273-ന് വൻ പിന്തുണയുമായി കാർഷിക സംഘടന. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം അംഗീകാരം ലഭിച്ച വളം, വിത്ത്, കീടനാശിനി, മൃഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ കാനഡയിലും വേഗത്തിൽ ലഭ്യമാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ഇത്തരം രാജ്യങ്ങളിൽ അംഗീകാരം ലഭിച്ച ഉൽപ്പന്നങ്ങൾക്ക് അപേക്ഷ നൽകി 90 ദിവസത്തിനുള്ളിൽ കാനഡയിൽ താൽക്കാലിക അനുമതി നൽകാൻ ഈ ബിൽ വഴി സാധിക്കും.
നിലവിലെ സംവിധാനത്തിൽ കാനഡയിൽ പുതിയ കാർഷിക ഉൽപ്പന്നങ്ങൾ എത്താൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നും, ചില ഉൽപ്പന്നങ്ങൾ ഒരിക്കലും ഇവിടെ എത്തുന്നില്ലെന്നും എംപി ഡേവിഡ് ബെക്സ്റ്റെ ചൂണ്ടിക്കാട്ടി. അതേസമയം, ഉൽപ്പന്നങ്ങൾ അംഗീകരിക്കുന്ന കാര്യത്തിൽ കൃത്യമായ നിരീക്ഷണം ഉറപ്പാക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി തിരിച്ചറിയുകയാണെങ്കിൽ, ഏത് സമയത്തും അംഗീകാരം റദ്ദാക്കാനുള്ള പൂർണ്ണ അധികാരം കൃഷിമന്ത്രിയിലായിരിക്കും.

കാനഡയിലെ കർഷകരുടെ മത്സരശേഷി വർദ്ധിപ്പിക്കാനും കാർഷിക രംഗത്തെ നൂതന സാങ്കേതികവിദ്യകൾ വേഗത്തിൽ ലഭ്യമാക്കാനും ഈ നടപടി സഹായിക്കുമെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചർ, ഗ്രെയിൻ ഗ്രോവേഴ്സ് ഓഫ് കാനഡ തുടങ്ങിയ സംഘടനകൾ വ്യക്തമാക്കി. കാർഷിക ഉൽപ്പന്നങ്ങളുടെ റെഗുലേറ്ററി സംവിധാനം പരിഷ്കരിക്കാനും അനാവശ്യമായ കാലതാമസം ഒഴിവാക്കാനും ഈ ബിൽ വഴിയൊരുക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. കാർഷികമേഖലയുടെ ദീർഘകാല ആവശ്യമാണ് ഇതിലൂടെ നിറവേറപ്പെടുന്നത്.
