Monday, April 20, 2026

യുഎസിൽ കൂട്ടക്കൊല; ഏഴ് മക്കളടക്കം 8 പേരെ വെടിവച്ചു കൊന്ന് പിതാവ്, പ്രതിയെ പൊലീസ് വധിച്ചു

ശ്രീവ്‌പോർട്ട് (ലൂസിയാന): അമേരിക്കയിലെ ലൂസിയാനയിലുള്ള ശ്രീവ്‌പോർട്ടിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. ഒന്നിനും 14നുമിടയിൽ പ്രായമുള്ളവരാണു മരിച്ച കുട്ടികൾ. അക്രമിയായ ഷമർ എൽക്കിൻസിനെ പൊലീസ് വധിച്ചു. മരിച്ചവരിൽ 7പേർ ഷമർ എൽക്കിൻസിന്റെ മക്കളാണ്. മറ്റൊരാൾ ബന്ധുവായ കുട്ടിയാണ്. കുടുംബവഴക്കിനെത്തുടർന്നാണു വെടിവയ്പുണ്ടായതെന്ന് അധികൃതർ പറഞ്ഞു. പരുക്കേറ്റ രണ്ട് സ്ത്രീകളിൽ ഒരാൾ കുട്ടികളുടെ അമ്മയാണെന്നും ഇവരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

ആക്രമണത്തിന് ശേഷം ഒരു വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്നു. ബോസിയർ പാരിഷിൽ വച്ച് നടന്ന ഏറ്റുമുട്ടലിലാണ്‌ പ്രതി കൊല്ലപ്പെട്ടത്‌. പ്രതി മുൻപ് ലൂസിയാന നാഷണൽ ഗാർഡിൽ അംഗമായിരുന്നുവെന്നും 2019-ൽ തോക്കുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ കൂട്ട ക്കൊലയാണിതെന്നും ശ്രീവ്‌പോർട്ട് ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഭീകരമായ ഒരു കാഴ്ചയാണിതെന്നും പൊലീസ്‌ വക്താവ് ക്രിസ് ബോർഡലോൺ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആദ്യ വീട്ടിൽ വെടിവയ്പ്പ് ആരംഭിച്ച അക്രമി പിന്നീട് രണ്ടാമത്തെ വീട്ടിലേക്ക് നീങ്ങുകയും അവിടെയും ക്രൂരകൃത്യം തുടരുകയുമായിരുന്നു. രണ്ടാമത്തെ വീട്ടിലാണ് ഏഴ് കുട്ടികൾ കൊല്ലപ്പെട്ടത്. കുട്ടികളിലൊരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന തിനിടെ വീടിന്റെ മേൽക്കൂരയിൽ വെടിയേറ്റ് വീണ നിലയിലായിരുന്നു. നഗരത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകരമായ സംഭവമാണിതെന്നു മേയർ ടോം അഴ്സെനോക്സ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രി, യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ഹൃദയഭേദകമായ ദുരന്തം എന്നാണ് സ്പീക്കർ ദാരുണമായ കൂട്ടക്കൊലയെ വിശേഷിപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!