വാഷിങ്‌ടൺ/ടെഹ്‌റാൻ: ഗൾഫ് മേഖലയിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ നാവിക ഉപരോധംലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ യുഎസ് സേന പിടിച്ചെടുത്തു. ‘തൗസ്ക’എന്ന കപ്പലാണ് നാവികസേന തടഞ്ഞുവെച്ചത്. കപ്പൽ നിർത്താനുള്ള മുന്നറിയിപ്പ് അവഗണിച്ചതിനെത്തുടർന്ന് എൻജിൻ റൂമിലേക്ക് വെടിവെച്ചാണ് കപ്പൽ നിയന്ത്രണത്തിലാക്കിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്. ഏതാണ്ട് ഒരു വിമാനവാഹിനിക്കപ്പലിനോളം വലിപ്പമുള്ള തൗസ്ക’, നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ തന്നെ യു.എസ് ട്രഷറിയുടെ ഉപരോധപ്പട്ടികയിലുള്ള കപ്പലാണെന്ന് ട്രംപ് വ്യക്തമാക്കി. തങ്ങൾ കപ്പലിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ അവർ അത് അവഗണിച്ചു. അതോടെ യു.എസ് നാവികസേന കപ്പലിന്റെ എൻജിൻ റൂമിലേക്ക് വെടിയുതിർത്ത് അവരെ തടഞ്ഞു,” എന്ന് ട്രംപ് കുറിച്ചു. കപ്പൽ പരിശോധിച്ചുവരികയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേ സമയം അമേരിക്കയുടേത് കടൽക്കൊള്ളയാണെന്ന ആരോപണവുമായി ഇറാൻ രംഗത്തെത്തി. നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ ലംഘനമാണിതെന്നും ഇതിന് ഉടൻ തന്നെ തിരിച്ചടി നൽകുമെന്നും ഇറാന്റെ സൈനിക വക്താവ് വ്യക്തമാക്കി.

ഒമാൻ കടലിൽ വെച്ച് കപ്പലിന്റെ നാവിഗേഷൻ സംവിധാനം തകരാറിലാക്കിയ ശേഷം യുഎസ് മറീനുകൾ കപ്പൽ പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് ഇറാൻ പറയുന്നത്. ഇറാന്റെ ആണവ പദ്ധതികളും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഇറാനിയൻ തുറമുഖങ്ങൾക്ക് അമേരിക്ക കർശനമായ നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ പ്രതിസന്ധിക്കിടയിലും സമാധാന ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ എത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ജാരെഡ് കുഷ്നർ ഉൾപ്പെടെയുള്ള പ്രമുഖർ ഈ സംഘത്തിലുണ്ടാകും. എന്നാൽ ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് ഇറാൻ. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഫോണിലൂടെ സംസാരിച്ചെങ്കിലും ചർച്ചകളിൽ ഇറാന്റെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമില്ല. ഉടമ്പടിക്ക് തയ്യാറായില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന കടുത്ത മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
