കാൽഗറി: ആൽബർട്ടയിൽ ഇനി വർഷത്തിൽ രണ്ടുതവണയുള്ള സമയമാറ്റമുണ്ടാകില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചു. പ്രവിശ്യയിൽ വർഷം മുഴുവനും ഡേലൈറ്റ് ടൈം (Daylight time) തന്നെ നിലനിർത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് സ്മിത്ത് പറഞ്ഞു. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ, വസന്തകാലത്ത് സമയക്രമം ഒരു മണിക്കൂർ മുന്നോട്ട് മാറ്റുന്നതോ ശരത്കാലത്ത് പിന്നോട്ട് മാറ്റുന്നതോ ആയ രീതി ആൽബർട്ട നിവാസികൾക്ക് അവസാനിപ്പിക്കാനാകും. ഇതോടെ നിലവിലുള്ള സമയക്രമത്തിൽ തന്നെ പ്രവിശ്യ സ്ഥിരമായി തുടരും. ബ്രിട്ടിഷ് കൊളംബിയ സമാനമായ തീരുമാനം എടുത്തതിന് പിന്നാലെയാണ് ആൽബർട്ടയും ഈ നീക്കത്തിലേക്ക് കടക്കുന്നത്. വർഷത്തിൽ എട്ട് മാസവും ഡേലൈറ്റ് ടൈം പിന്തുടരുന്നതിനാൽ ഈ മാറ്റം ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നും ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച നിയമനിർമ്മാണം ഉണ്ടാകുമെന്നും സ്മിത്ത് വ്യക്തമാക്കി.

സമയമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ പതിറ്റാണ്ടുകളായി ആൽബർട്ടയിൽ സജീവമാണ്. അഞ്ച് വർഷം മുൻപ് നടന്ന റഫറണ്ടത്തിൽ നേരിയ ഭൂരിപക്ഷത്തിനാണ് (50.2 ശതമാനം) സ്ഥിരമായ ഡേലൈറ്റ് ടൈം എന്ന നിർദ്ദേശം തള്ളപ്പെട്ടത്. എന്നാൽ അയൽ പ്രവിശ്യകളുമായുള്ള ഏകോപനം കണക്കിലെടുത്ത് ഇത്തവണ നിയമനിർമ്മാണത്തിലൂടെ മാറ്റം കൊണ്ടുവരാനാണ് സർക്കാർ നീക്കം. ഈ മാറ്റം നടപ്പിലാകുന്നതോടെ ആൽബർട്ടയും സസ്കാച്വാനും എപ്പോഴും ഒരേ സമയക്രമത്തിലായിരിക്കും. ബി.സി ആൽബർട്ടയേക്കാൾ ഒരു മണിക്കൂർ പിന്നിലാകും. ഒന്റാരിയോ , കെബെക്ക് തുടങ്ങിയ കിഴക്കൻ പ്രവിശ്യകളുമായുള്ള സമയവ്യത്യാസത്തിലും ഇതിനനുസരിച്ച് മാറ്റങ്ങൾ വരും. മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവും സമാനമായ മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതിനാൽ ഭാവിയിൽ പടിഞ്ഞാറൻ പ്രവിശ്യകളിൽ ഒരേ സമയക്രമം വന്നേക്കാം.
അതേസമയം, സ്ഥിരമായ ഡേലൈറ്റ് ടൈം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കനേഡിയൻ സ്ലീപ്പ് സൊസൈറ്റി ഉൾപ്പെടെയുള്ള സംഘടനകൾ സ്ഥിരമായ സ്റ്റാൻഡേർഡ് ടൈമിന് വേണ്ടിയാണ് വാദിക്കുന്നത്. ഉറക്കക്കുറവ്, രക്തസമ്മർദ്ദ വ്യതിയാനം തുടങ്ങിയവ ഇതിന്റെ ആഘാതമായി ഉണ്ടായേക്കാമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വൈകുന്നേരങ്ങളിൽ കൂടുതൽ വെളിച്ചം ലഭിക്കുന്നത് യാത്രാസുരക്ഷ വർധിപ്പിക്കുമെന്നും ബിസിനസ് മേഖലയ്ക്കും ജനങ്ങളുടെ പൊതുവായ മാനസികാരോഗ്യത്തിനും ഇത് ഗുണകരമാകുമെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം.
