Wednesday, April 22, 2026

‘ചിപ്സ് പാക്കറ്റുകൾ വരെ തടയുന്നു’; ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കസ്റ്റംസ് തീരുവ, നേപ്പാളിൽ പ്രതിഷേധം ശക്തം

കാഠ്മണ്ഡു: ഇന്ത്യയിൽ നിന്ന് അതിർത്തി കടന്നെത്തുന്ന ഉൽപന്നങ്ങൾക്ക് നേപ്പാൾ സർക്കാർ കർശന നികുതി ഏർപ്പെടുത്തിയതോടെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നു. 100 നേപ്പാളി രൂപയ്ക്ക് (ഏകദേശം 63 ഇന്ത്യൻ രൂപ) മുകളിലുള്ള എല്ലാ ഇന്ത്യൻ ഉൽപന്നങ്ങൾക്കും അഞ്ച് മുതൽ 80 ശതമാനം വരെ കസ്റ്റംസ് തീരുവ നിർബന്ധമാക്കിയതാണ് ജനരോഷത്തിന് കാരണമായത്. പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള സൗജന്യ വ്യാപാരത്തെ ആശ്രയിച്ച് ജീവിക്കുന്ന അതിർത്തി നിവാസികൾക്ക് ഈ തീരുമാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

നിത്യോപയോഗ സാധനങ്ങൾ, മരുന്നുകൾ, കുട്ടികൾക്കുള്ള ഭക്ഷണസാധനങ്ങൾ എന്നിവ അതിർത്തി കടത്തുന്നത് തടയുകയും പരിശോധന കർശനമാക്കുകയും ചെയ്തതോടെ ബിർഗുഞ്ച്, കാഠ്മണ്ഡു തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി. ഉദ്യോഗസ്ഥരുമായി ജനങ്ങൾ തർക്കിക്കുന്നതും, പൊലീസിന്റെ പരിശോധനയെ വെല്ലുവിളിക്കുന്നതും ഇപ്പോൾ പതിവായിട്ടുണ്ട്. പ്രാദേശിക വിപണിയെ സംരക്ഷിക്കാനും നികുതി വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, ഇത് സാധാരണക്കാരുടെ ജീവിതത്തെ ദുഷ്കരമാക്കുന്ന ‘അപ്രഖ്യാപിത ഉപരോധം’ ആണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

സാമ്പത്തിക നിയന്ത്രണങ്ങൾക്ക് പുറമെ, പ്രധാനമന്ത്രി ബലേൻ ഷായുടെ മറ്റ് ഭരണനടപടികളും പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. സർവ്വകലാശാലാ കാമ്പസുകളിൽ രാഷ്ട്രീയ ബന്ധമുള്ള വിദ്യാർത്ഥി, സ്റ്റാഫ് യൂണിയനുകളെ നിരോധിക്കാനുള്ള സർക്കാർ തീരുമാനം വിദ്യാർത്ഥി സംഘടനകളെയും പ്രകോപിപ്പിച്ചു. സാമ്പത്തിക ഭാരത്തിനൊപ്പം ഇത്തരം ജനവിരുദ്ധ നയങ്ങൾ കൂടി ചേർന്നതോടെ ബലേൻ ഷാ സർക്കാരിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിരിക്കുകയാണ്

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!