ചെന്നൈ: തമിഴ്‌നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തില്‍. രാവിലെ ഏഴ് മണിമുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത് 152 മണ്ഡലങ്ങള്‍. ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി 4,834 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 38 ജില്ലകളിലായി 5.73 കോടി വോട്ടേഴ്‌സാണ് സംസ്ഥാനത്തുള്ളത്. ഡിഎംകെ സഖ്യവും ബിജെപിയുമായി കൈകോര്‍ത്ത അണ്ണാ ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും നടന്‍ വിജയിയുടെ ടിവികെ നിര്‍ണായകമാകും. വോട്ടിന് പണം നല്‍കുന്ന സംഭവങ്ങള്‍ വ്യാപകമായതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കനത്ത ജാഗ്രതിയിലാണ്.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ടിവികെ പ്രസിഡന്റ് വിജയ്, കേന്ദ്രമന്ത്രി എല്‍.മുരുകന്‍, സിനിമാതാരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, അജിത്ത്, തൃഷ, സംഗീതജ്ഞന്‍ ഇളയരാജ തുടങ്ങിയവര്‍ ചെന്നൈയിലും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി സേലത്തും ബിജെപി നേതാവ് കെ.അണ്ണാമലൈ കോയമ്പത്തൂരിലും വോട്ട് രേഖപ്പെടുത്തും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.63 ശതമാനം ആയിരുന്നു പോളിങ്.
പശ്ചിമ ബംഗാളില്‍ 16 ജില്ലകളിലായി 152 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ ജനവിധിയെഴുതുക. 1478 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ മത്സര രംഗത്തുള്ളത്. മൂന്ന് കോടി അറുപത് ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. പ്രശ്‌നബാധിത മണ്ഡലങ്ങള്‍ തരംതിരിച്ച് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബിജെപിയുടെ സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായ സിലിഗുരി , ബംഗ്ലാദേശ് അതിര്‍ത്തി മേഖലയായ കൂച്ച് ബെഹാര്‍ മുര്‍ഷിദബാദ് തുടങ്ങിയ പ്രധാനപ്പെട്ട പല മണ്ഡലങ്ങളും ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്.
