വാഷിങ്ടണ്‍: ലെബനനില്‍ നിലവിലുണ്ടായിരുന്ന താത്കാലിക വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില്‍ ഇസ്രായേല്‍, ലെബനാന്‍ അംബാസഡര്‍മാരുമായി നടത്തിയ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം. ഏപ്രില്‍ 26-ന് അവസാനിക്കാനിരുന്ന വെടിനിര്‍ത്തല്‍ ഇതോടെ മെയ് 17 വരെ തുടരും.
വരും ആഴ്ചകളില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലെബനീസ് പ്രസിഡന്റ് ജോസഫ് ഔനും വാഷിങ്ടണ്‍ സന്ദര്‍ശിക്കുമെന്ന് ട്രംപ് അറിയിച്ചു. ഇറാനുമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കരാറാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ലെബനനില്‍ പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ നിലവിലില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ പ്രതിനിധി ഡാനി ഡാനണ്‍ വ്യക്തമാക്കി. ഭീഷണിയുണ്ടായാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ, ടെഹ്റാനില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പരീക്ഷണമാണെന്ന് ഇറാന്‍ വ്യക്തമാക്കിയെങ്കിലും, ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്ന ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുന്നു.
