മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. കമ്പനിയുടെ വാര്‍ഷിക അറ്റാദായം 18.3 ശതമാനം വര്‍ധിച്ച് 95,610 കോടി രൂപയിലെത്തി. വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 9.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മികച്ച പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഓഹരി ഉടമകള്‍ക്ക് പ്രതി ഓഹരി ആറ് രൂപ വീതം ഡിവിഡന്റ് നല്‍കാനും കമ്പനി ശുപാര്‍ശ ചെയ്തു.
റിലയന്‍സിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് മാര്‍ച്ച് പാദത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജിയോയുടെ അറ്റാദായം 13 ശതമാനം വര്‍ധിച്ച് 7,935 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തന വരുമാനം 12.5 ശതമാനം വര്‍ധിച്ച് 38,259 കോടി രൂപയിലെത്തി. ഉപഭോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനത്തിലും (ARPU) വര്‍ധനയുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷം 206.2 രൂപയായിരുന്ന ശരാശരി വരുമാനം ഇത്തവണ 214 രൂപയായി ഉയര്‍ന്നു.

റിലയന്‍സിന്റെ സംയോജിത വാര്‍ഷിക വരുമാനം ഇതാദ്യമായി 1,175,919 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. എണ്ണ-കെമിക്കല്‍ വ്യാപാരം, റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ കമ്പനി കൈവരിച്ച സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് ഈ റെക്കോര്‍ഡ് ലാഭത്തിന് പിന്നിലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കി.
