വർക്കല: പ്രശസ്ത ദാർശനികനും ശ്രീനാരായണ ഗുരുകുലം അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് (88) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 3.55-ഓടെ വർക്കല നാരായണ ഗുരുകുലത്തിലായിരുന്നു അന്ത്യം. വൈകീട്ട് അഞ്ചു മണിയോടെ ഗുരുകുല വളപ്പിൽ സമാധി ചടങ്ങുകൾ നടക്കും. ആത്മീയ ദർശനങ്ങളെ ലളിതമായി വ്യാഖ്യാനിച്ച അദ്ദേഹം 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
1938-ൽ തിരുവനന്തപുരം ജില്ലയിലെ നഗരൂരിൽ ജനിച്ച അദ്ദേഹം എം.എൻ. പ്രസാദ് എന്ന പേരിൽ പൊതുമരാമത്ത് വകുപ്പിൽ ഡ്രാഫ്റ്റ്‌സ്മാനായി ജോലി നോക്കിയിരുന്നു. 1955-ൽ നടരാജഗുരുവുമായി ബന്ധപ്പെട്ടതോടെയാണ് ജീവിതം ആത്മീയതയിലേക്ക് മാറിയത്. 1970-ൽ നടരാജഗുരുവിൽ നിന്ന് ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ച അദ്ദേഹം ജോലി രാജിവെച്ച് പൂർണ്ണമായും ഗുരുകുല പ്രവർത്തനങ്ങളിൽ മുഴുകി. തുടർന്നാണ് മുനി നാരായണ പ്രസാദ് എന്ന സന്ന്യാസനാമം സ്വീകരിച്ചത്.

ഗുരു നിത്യചൈതന്യയതിയുടെ പിൻഗാമിയായി 1999-ൽ നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനായി ചുമതലയേറ്റു. ഉപനിഷത്തുകൾക്കും ഭഗവദ്ഗീതയ്ക്കും ശ്രീനാരായണ ഗുരുദേവ കൃതികൾക്കും അദ്ദേഹം നൽകിയ വ്യാഖ്യാനങ്ങൾ ശ്രദ്ധേയമാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി 122-ഓളം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ലോക സർവ്വമത സമ്മേളനങ്ങളിലും അന്താരാഷ്ട്ര ദാർശനിക ചർച്ചകളിലും ഭാരതീയ ദർശനത്തിന്റെ വക്താവായി അദ്ദേഹം തിളങ്ങിയിരുന്നു.
