കാരക്കസ്: നിക്കോളാസ് മഡൂറോ പുറത്താക്കപ്പെട്ടതിന് ശേഷം വെനസ്വേല സന്ദർശിക്കുന്ന ആദ്യ വിദേശ നേതാവായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി കാരക്കസിൽ നടത്തിയ കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ വ്യാപകമായ മാഫിയാ പ്രവർത്തനങ്ങളെയും ക്രിമിനൽ സംഘങ്ങളെയും തുരത്താൻ സംയുക്ത സൈനിക നീക്കം നടത്തുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. കൊക്കെയ്ൻ കടത്ത്, മനുഷ്യക്കടത്ത്, അനധികൃത സ്വർണ്ണ ഖനനം എന്നിവ തടയുന്നതിനായി രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള സംവിധാനങ്ങൾ ഉടൻ നിലവിൽ വരുമെന്ന് ഇരുപക്ഷവും അറിയിച്ചു.
ജനുവരി മൂന്നിന് അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടി ന്യൂയോർക്കിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത്. റോഡ്രിഗസിന്റെ ഭരണകൂടത്തിന് നിലവിൽ അമേരിക്കയുടെ പിന്തുണയുണ്ട്. ലഹരിമരുന്ന് കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ മുൻപ് അമേരിക്കൻ വിമർശനം നേരിട്ടിരുന്നുവെങ്കിലും, അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇപ്പോൾ ശക്തിപ്പെട്ടിരിക്കുകയാണ്.

അതിർത്തി പ്രദേശമായ കുക്കുറ്റയിൽ വെച്ച് നേരത്തെ നിശ്ചയിച്ചിരുന്ന ഇവരുടെ കൂടിക്കാഴ്ച ചില സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ, നിലവിൽ നടന്ന ഈ ഉന്നതതല ചർച്ചകൾ സാമ്പത്തിക സഹകരണത്തിനും ഊർജ്ജ മേഖലയിലെ പങ്കാളിത്തത്തിനും പുതിയ വഴിതുറക്കുമെന്നാണ് വിലയിരുത്തൽ. വെനസ്വേലയുടെ എണ്ണ വ്യവസായം അമേരിക്കൻ കമ്പനികൾക്കായി തുറന്നുകൊടുത്തതിന് ശേഷം നടക്കുന്ന ഈ സന്ദർശനം ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിൽ നിർണ്ണായകമായ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുന്നത്.
