ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു. സൂറിച്ചിലേക്കുള്ള സ്വിസ് എയര്‍ LX147 (Airbus A330) വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നിനാണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെ 1.08-ഓടെ വിമാനം റണ്‍വേയിലൂടെ കുതിക്കുമ്പോഴാണ് എന്‍ജിനുകളില്‍ ഒന്നിന് തീപിടിച്ചത്. 232 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. റണ്‍വേയില്‍ വെച്ച് തന്നെ വിമാനം അടിയന്തരമായി നിര്‍ത്തി യാത്രക്കാരെ പുറത്തെത്തിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
വിമാനം ടേക്ക് ഓഫിനായി ഏകദേശം 104 നോട്ട്സ് വേഗതയില്‍ സഞ്ചരിക്കുമ്പോഴാണ് ഒന്നാം നമ്പര്‍ എന്‍ജിനില്‍ സാങ്കേതിക തകരാര്‍ സംഭവിക്കുകയും തീയും പുകയും ശ്രദ്ധയില്‍പ്പെടുകയും ചെയ്തത്. ഉടന്‍ തന്നെ പൈലറ്റ് ടേക്ക് ഓഫ് റദ്ദാക്കുകയും എമര്‍ജന്‍സി സ്ലൈഡുകള്‍ വഴി യാത്രക്കാരെ പുറത്തെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. തിരക്കിട്ട് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ ആറ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.വിമാനത്തിലുണ്ടായിരുന്ന നാല് കൈക്കുഞ്ഞുങ്ങളും ജീവനക്കാരും പൂര്‍ണ്ണ സുരക്ഷിതരാണ്.

അപകടത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെ റണ്‍വേ 28 താല്‍ക്കാലികമായി അടച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വിസ് എയര്‍ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ ഡല്‍ഹിയിലെത്തി വിമാനം വിശദമായി പരിശോധിക്കും. യാത്രക്കാര്‍ക്ക് താമസസൗകര്യവും തുടര്‍യാത്രയ്ക്കുള്ള ബദല്‍ ക്രമീകരണങ്ങളും ഒരുക്കിയതായി സ്വിസ് എയര്‍ അറിയിച്ചു.
