Sunday, April 26, 2026

‘ചികിത്സാ നിഷേധം ഇനിയില്ല’; ലൈംഗികാതിക്രമ ചികിത്സയ്ക്ക് കൂടുതൽ നഴ്സുമാരെ നിയമിക്കാൻ ന്യൂബ്രൺസ്വിക്

ഫ്രെഡറിക്ടൺ: ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് ചികിത്സ നിഷേധിക്കപ്പെട്ട സംഭവത്തിന് നാല് വർഷത്തിന് ശേഷം, നിർണ്ണായക നടപടിയുമായി ന്യൂബ്രൺസ്വിക്കിലെ ആരോഗ്യ അധികൃതർ. ഹോറൈസൺ ഹെൽത്ത് നെറ്റ്‌വർക്ക് തങ്ങളുടെ ലൈംഗികാതിക്രമ ചികിത്സാ നഴ്സുമാരുടെ (SANE) എണ്ണം ഇരട്ടിയാക്കാൻ തീരുമാനിച്ചു. നിലവിലുള്ള 10 നഴ്സുമാർക്ക് പുറമെ 11.5 മുഴുവൻ സമയ തസ്തികകൾ കൂടി പുതുതായി സൃഷ്ടിക്കും. മൺക്ടൺ, സെന്റ് ജോൺ, ഫ്രെഡറിക്ടൺ, മിറാമിചി, അപ്പർ റിവർ വാലി എന്നീ മേഖലകളിലെ ആശുപത്രികളിലാണ് ഈ നിയമനം നടക്കുക.

2022-ൽ ഫ്രെഡറിക്ടണിലെ ഡോ. എവെറെറ്റ് ചാൽമേഴ്‌സ് റീജിനൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 26 വയസ്സുകാരിക്ക് നഴ്സുമാർ ലഭ്യമല്ലാത്തതിനാൽ മടങ്ങേണ്ടി വന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തുടർന്ന് പൊലീസിന്റെ ഇടപെടലിനെത്തുടർന്നാണ് യുവതിക്ക് ചികിത്സ ലഭ്യമായത്. ഈ സംഭവത്തിന് ശേഷം ആരോഗ്യ സംവിധാനങ്ങളിൽ കൊണ്ടുവന്ന വലിയ മാറ്റമായാണ് പുതിയ തീരുമാനത്തെ കാണുന്നത്. രോഗികൾക്ക് വേഗത്തിൽ ചികിത്സ ഉറപ്പാക്കാൻ പുതിയ പ്രോഗ്രാം മാനേജർമാരെയും അഡ്മിനിസ്ട്രേറ്റീവ് പിന്തുണയും അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്.

അതേസമയം, ലൈംഗികാതിക്രമത്തിന് ഇരയാകുന്നവർക്ക് മാനസികവും നിയമപരവുമായ പിന്തുണ നൽകുന്ന ‘സെക്ഷ്വൽ വയലൻസ് ന്യൂബ്രൺസ്വിക്ക്’ (SVNB) പോലുള്ള സംഘടനകൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു. ആക്രമണത്തിന് ഇരയാകുന്നവർക്ക് ഇത്തരം സേവനങ്ങൾ ഉടൻ ലഭ്യമാകേണ്ടത് അത്യാവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിലെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ, യോഗ്യതയുള്ള നഴ്സുമാരെ നിയമിക്കുന്നതും നിലനിർത്തുന്നതും വലിയ വെല്ലുവിളിയാണെന്ന് വൈറ്റലിറ്റ് ഹെൽത്ത് നെറ്റ്‌വർക്കും പ്രതികരിച്ചു. തങ്ങളുടെ ആശുപത്രികളിലെത്തുന്ന എല്ലാ രോഗികൾക്കും കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!