Sunday, April 26, 2026

കുട്ടികൾക്ക് സോഷ്യൽ മീഡിയയും AI ചാറ്റ്‌ബോട്ടുകളും നിരോധിക്കാനൊരുങ്ങി മാനിറ്റോബ; ഓസ്‌ട്രേലിയൻ മാതൃക പിന്തുടരുമെന്ന് പ്രീമിയർ വാബ് കിന്യൂ

വിനിപെഗ്‌: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ടുകൾക്കും നിരോധനം ഏർപ്പെടുത്തുമെന്ന് കാനഡയിലെ മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ പ്രഖ്യാപിച്ചു. ശനിയാഴ്ച നടന്ന ഒരു പാർട്ടി ഫണ്ട് ശേഖരണ പരിപാടിയിലാണ് അദ്ദേഹം ഈ നിർണായക തീരുമാനം അറിയിച്ചത്. സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ വികാസത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും കിന്യൂ ചൂണ്ടിക്കാട്ടി. കുട്ടികളുടെ തലച്ചോറിലെ ‘റിവാർഡ് സിസ്റ്റത്തെ’ ലക്ഷ്യം വെച്ചാണ് ഇത്തരം ടൂളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഇത് കുട്ടികളിൽ ഉത്കണ്ഠയ്ക്കും വിഷാദരോഗത്തിനും കാരണമാകുന്നതായും കിന്യു പറഞ്ഞു. യുവതികളെയും കുട്ടികളെയും കടത്തുന്നതിനും ദുരുപയോഗം ചെയ്യുന്നതിനും ഇത്തരം പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും. സർവൈലൻസ് ക്യാപിറ്റലിസത്തിൽ നിന്നും സ്‌ക്രീൻ സമയത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുകയും അവർക്ക് യഥാർത്ഥ കുട്ടിക്കാലം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം മാനിറ്റോബയിൽ എത്ര വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് നിരോധനത്തിൽ ഉൾപ്പെടുത്തുക എന്നതിനെക്കുറിച്ചോ, അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളെ എങ്ങനെ നിയന്ത്രിക്കും എന്നതിനെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ പ്രീമിയർ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഇത്തരമൊരു നീക്കം നടത്തുന്ന കാനഡയിലെ ആദ്യ പ്രവിശ്യയായി മാനിറ്റോബ മാറും.

സോഷ്യൽ മീഡിയയ്‌ക്കൊപ്പം AI ചാറ്റ്‌ബോട്ടുകളെയും നിരോധിക്കുന്നു എന്നതാണ് മാനിറ്റോബയുടെ നീക്കത്തിലെ ശ്രദ്ധേയമായ കാര്യം. അടുത്തിടെ ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിലുണ്ടായ വെടിവെപ്പിലെ പ്രതി ചാറ്റ്‌ജിപിടി ദുരുപയോഗം ചെയ്തതായുള്ള റിപ്പോർട്ടുകൾക്ക്‌ പിന്നാലെയാണ്‌ ഈ തീരുമാനം. കഴിഞ്ഞ ഡിസംബറിൽ സോഷ്യൽ മീഡിയയിൽ പ്രായപരിധി ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ മാറിയതും തീരുമാനത്തെ സ്വാധീനിച്ചു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നതിനെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടുമെന്ന് സസ്‌കാച്വാൻ പ്രീമിയർ സ്കോട്ട് മോ പ്രഖ്യാപിച്ചിരുന്നു. 14 വയസ്സിൽ താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നൽകുന്നത് തടയണമെന്ന് നിയമം കൊണ്ടുവരാൻ തയ്യാറെ‌ടുക്കുകയാണ്‌ കെബെക്ക്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!