കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകളില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന ഗുരുതര ആരോപണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്ത്. സ്‌ട്രോങ്ങ് റൂമുകള്‍ക്ക് സമീപം സിസിടിവി ക്യാമറകളുടെ എണ്ണം കുറവാണെന്നും, വോട്ടിങ് മെഷീനുകള്‍ മാറ്റിയ കാര്യത്തില്‍ സുതാര്യതയില്ലെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉന്നയിച്ച ചില പരാതികളില്‍ അധികൃതര്‍ നടപടിയെടുത്തെങ്കിലും വോട്ടെണ്ണല്‍ പ്രക്രിയയിലെ അപാകതകളില്‍ ആശങ്ക നിലനില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ ചങ്ങനാശേരി മണ്ഡലത്തില്‍ സൂക്ഷിക്കാന്‍ എടുത്ത തീരുമാനത്തെ ചാണ്ടി ഉമ്മന്‍ ചോദ്യം ചെയ്തു. കോട്ടയം താലൂക്കില്‍ ഉള്‍പ്പെടുന്ന പുതുപ്പള്ളിയുടെ മെഷീനുകള്‍ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റാന്‍ ആരാണ് തീരുമാനമെടുത്തതെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. നിയമപ്രകാരം സ്ഥാനാര്‍ത്ഥികളെ അറിയിക്കേണ്ട കാര്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, രണ്ട് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഒരേ ഹാളില്‍ നടത്താനുള്ള തീരുമാനത്തിലും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.

വേനല്‍ച്ചൂട് കഠിനമായ സാഹചര്യത്തില്‍ ഒരേ ഹാളില്‍ രണ്ട് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടത്തുന്നത് ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. വോട്ടിങ് മെഷീനുകള്‍ സുരക്ഷിതമാണെന്ന് സ്ഥാനാര്‍ത്ഥികളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വോട്ടെണ്ണല്‍ ദിവസം സുഗമമായ നടപടികള്‍ ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് എംഎല്‍എയുടെ ആവശ്യം.
