ന്യൂഡല്‍ഹി: രാജ്യസഭ എംപിമാര്‍ കൂട്ടത്തോടെ കൂറുമാറിയ സംഭവത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. ഏഴ് എംപിമാരുടെ ബിജെപി ലയനം രാജ്യസഭ അധ്യക്ഷന്‍ അംഗീകരിച്ചു. രാഘവ് ഛദ്ദ, സന്ദീപ് പഥക്, ഹര്ഭജന് സിങ്, സ്വാതി മലിവാള്‍, അശോക് മിത്തല്‍ തുടങ്ങി പ്രമുഖരായ ഏഴ് നേതാക്കളെയും അയോഗ്യരാക്കണമെന്ന എഎപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ലയനത്തിന് അംഗീകാരം നല്‍കിയത്. ഇതോടെ രാജ്യസഭയില്‍ ബിജെപിയുടെ അംഗബലം 113 ആയി ഉയരുകയും ആംആദ്മി പാര്‍ട്ടിയുടെ പ്രാതിനിധ്യം വെറും മൂന്നായി ചുരുങ്ങുകയും ചെയ്തു.
പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും ഏകോപനമില്ലായ്മയും തുറന്നുകാട്ടുന്നതാണ് ഈ കൂട്ടമാറ്റം. ഡല്‍ഹിയിലെയും പഞ്ചാബിലെയും കൂടുതല്‍ ജനപ്രതിനിധികളെ ബിജെപി ലക്ഷ്യം വെക്കുന്നതായും സൂചനയുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുമ്പോഴും ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സ്വന്തം എംഎല്‍എമാരുടെയും പ്രവര്‍ത്തകരുടെയും വിശ്വാസം ഉറപ്പിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനം.

അതേസമയം, രാജ്യസഭാ അധ്യക്ഷന്റെ നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ആംആദ്മി പാര്‍ട്ടി. എംപിമാരുമായി കെജ്രിവാള് നടത്താനിരുന്ന കൂടിക്കാഴ്ചകള്‍ അനിശ്ചിതത്വത്തിലായതും പാര്‍ട്ടിക്കുള്ളിലെ വിള്ളല്‍ വര്‍ദ്ധിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി സംവിധാനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തുക എന്നത് എഎപിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
