എഡ്മിന്റൻ: കാൽഗറിയിൽ ഇമിഗ്രേഷൻ ഏജൻസികൾ ഫെഡറൽ ഫണ്ടിങ്ങിലുണ്ടായ വെട്ടിക്കുറയ്ക്കൽ മൂലം കടുത്ത പ്രതിസന്ധിയിൽ. 2025 നവംബറിൽ പ്രഖ്യാപിച്ച 2026-2028 വർഷത്തെ കുടിയേറ്റ ലക്ഷ്യങ്ങളുടെ ഭാഗമായും, ഫെഡറൽ വകുപ്പുകൾക്ക് ചെലവ് ചുരുക്കുന്നതിനായി നൽകിയ നിർദ്ദേശങ്ങളുടെ ഭാഗമായും ആണ് ഫണ്ടിങ്ങിൽ ഇടിവുണ്ടായത്. പാർപ്പിടം, തൊഴിൽ സഹായം, മാനസികാരോഗ്യം തുടങ്ങി നിരവധി സേവനങ്ങൾ നൽകുന്ന ഇത്തരം സംഘടനകൾ, ഫണ്ടിങ് കുറഞ്ഞതോടെ ക്ലാസുകൾ വെട്ടിക്കുറയ്ക്കാനും ജീവനക്കാരെ പിരിച്ചുവിടാനും നിർബന്ധിതരായിരിക്കുകയാണ്.
‘ദി ഇമിഗ്രന്റ് എഡ്യൂക്കേഷൻ സൊസൈറ്റി’ (TIES) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഇതിന്റെ പ്രത്യാഘാതം രൂക്ഷമാണ്. ഇതിനകം 40-ലധികം ജീവനക്കാരെ പിരിച്ചുവിടുകയും 26 ക്ലാസുകൾ നിർത്തിവെക്കുകയും ചെയ്തതായി TIES സിഇഒ സാലി ഷാവോ പറഞ്ഞു. ഭാഷാ പഠനത്തിലൂടെ തൊഴിൽ വിപണിയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന നിരവധി കുടിയേറ്റക്കാരുടെ സ്വപ്നങ്ങൾക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്. ‘സെന്റർ ഫോർ ന്യൂകമേഴ്സ്’ എന്ന സംഘടനയും സമാനമായ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും, ഫണ്ടിങ് കുറയുന്നത് കുടിയേറ്റക്കാരുടെ തൊഴിൽ വിപണിയിലേക്കുള്ള കടന്നുവരവിനെ വൈകിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഫണ്ടിങ് കുറയ്ക്കുന്നത് കുടിയേറ്റക്കാരുടെ സംയോജനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി 500-ലധികം സംഘടനകൾ ഫെഡറൽ സർക്കാരിന് തുറന്ന കത്തെഴുതിയിരുന്നു. പുതിയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും, നിലവിൽ സേവനങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് പോലും അവസരം ലഭിക്കാത്ത സാഹചര്യമാണുള്ളത്. കുടിയേറ്റക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന ഈ സംഘടനകളെ സാമ്പത്തികമായി സഹായിക്കണമെന്ന് സിഇഒമാർ സർക്കാരിനോട് അഭ്യർത്ഥിച്ചു.
