ഓട്ടവ: സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി പുതിയ സാമ്പത്തിക പാക്കേജുമായി ഫെഡറൽ സർക്കാർ. പ്രതീക്ഷിച്ചതിലും മികച്ച വരുമാനം ലഭിച്ചതോടെ 54.5 ബില്യൺ ഡോളറിന്റെ പുതിയ ചെലവുകളാണ് ബജറ്റിന് ശേഷം സർക്കാർ പ്രഖ്യാപിച്ചത്. ഇറാനിലെ യുദ്ധവും അമേരിക്കൻ താരിഫുകളും ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെ, കാനഡയുടെ സമ്പദ്വ്യവസ്ഥ ശക്തമായി നിലനിർത്താനുള്ള നടപടികളാണ് ധനമന്ത്രി ഫ്രാൻസ്വ-ഫിലിപ്പ് ഷാംപെയ്ൻ അവതരിപ്പിച്ച റിപ്പോർട്ടിലുള്ളത്.
കഴിഞ്ഞ വർഷത്തെ ഫെഡറൽ കമ്മി 66.9 ബില്യൺ ഡോളറായി കുറഞ്ഞത് സർക്കാരിന് ആശ്വാസമായിട്ടുണ്ട്. വരും വർഷങ്ങളിലും കമ്മിയിൽ നേരിയ കുറവുണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ജിഎസ്ടി ആനുകൂല്യം വർധിപ്പിച്ച് ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ ആക്കി മാറ്റിയതും, ഇന്ധന എക്സൈസ് നികുതിയിൽ വരുത്തിയ നാലുമാസത്തെ ഇടവേളയും ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാനുള്ള പ്രധാന നടപടികളാണ്. ജൂൺ അഞ്ച് മുതൽ ജിഎസ്ടി ആനുകൂല്യങ്ങളിൽ 50 % വർധനവ് പ്രാബല്യത്തിൽ വരും.

എന്നാൽ, ഈ സാമ്പത്തിക പദ്ധതികളിൽ സമനില പാലിക്കാൻ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം വിമർശിച്ചു. ബജറ്റ് ബാലൻസ് ചെയ്യുന്നതിനായുള്ള കൃത്യമായ പദ്ധതിയൊന്നും സർക്കാരിന്റെ പക്കലില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. അതേസമയം, യുവാക്കളെ നൈപുണ്യ തൊഴിലുകളിലേക്ക് ആകർഷിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വികസന പദ്ധതികൾക്കായി ഒരു സോവറിൻ വെൽത്ത് ഫണ്ട് ആരംഭിക്കാനുള്ള നീക്കങ്ങളും സർക്കാർ സജീവമാക്കിയിട്ടുണ്ട്.
