ഓട്ടവ: പ്രമുഖ പ്രമേഹ ചികിത്സാ മരുന്നായ ഓസെംപിക്കിന്റെ (Ozempic) ആദ്യ ജെനറിക് പതിപ്പിന് അംഗീകാരം നൽകി ഹെൽത്ത് കാനഡ. സെമാഗ്ലൂട്ടൈഡ് (semaglutide) എന്ന ഈ ജെനറിക് മരുന്നിന് അനുമതി നൽകുന്ന ആദ്യ ജി7 രാജ്യമായി കാനഡ മാറി. ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് ഈ മരുന്ന് നിർമ്മിക്കുന്നത്. മുതിർന്നവരിലെ ടൈപ്പ് 2 പ്രമേഹത്തിനുള്ള പ്രതിവാര ചികിത്സാ ആവശ്യങ്ങൾക്കായാണ് മരുന്നിന് ഔദ്യോഗിക അനുമതി ലഭിച്ചിരിക്കുന്നത്.
ബ്രാൻഡ് മരുന്നുകളുമായി താരതമ്യം ചെയ്യുമ്പോൾ 45 മുതൽ 90 ശതമാനം വരെ വിലക്കുറവിൽ ജെനറിക് മരുന്നുകൾ ലഭ്യമാകാറുണ്ട്. ഓസെംപിക്കിന്റെ ഉയർന്ന വില താങ്ങാൻ ബുദ്ധിമുട്ടുള്ള, ഇൻഷുറൻസ് പരിരക്ഷയില്ലാത്ത രോഗികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്. പ്രമേഹ ചികിത്സയ്ക്കായി അംഗീകരിച്ചിട്ടുണ്ടെങ്കിലും, വണ്ണം കുറയ്ക്കാനായി ഈ മരുന്ന് പലരും ഉപയോഗിക്കുന്നുണ്ട്. നിലവിൽ മറ്റ് എട്ട് കമ്പനികളുടെ ജെനറിക് സെമാഗ്ലൂട്ടൈഡ് അപേക്ഷകളും ഹെൽത്ത് കാനഡ പരിശോധനയിലാണ്.

വിപണിയിൽ കൂടുതൽ ജെനറിക് മരുന്നുകൾ എത്തുന്നതോടെ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് മരുന്ന് നയ വിദഗ്ധർ വിലയിരുത്തുന്നു. ഒരു ജെനറിക് മരുന്ന് വിപണിയിലെത്തുമ്പോൾ തന്നെ ബ്രാൻഡ് മരുന്നിന്റെ 75-85 ശതമാനം വിലയിലേക്ക് അത് താഴുമെന്ന് കണക്കാക്കപ്പെടുന്നു. തുടർന്ന് കൂടുതൽ ഉൽപ്പന്നങ്ങൾ എത്തുമ്പോൾ വില 35 ശതമാനം വരെയായി കുറയാൻ സാധ്യതയുണ്ട്. ഈ ജെനറിക് മരുന്നുകൾ ഗുണനിലവാരത്തിലും സുരക്ഷയിലും ബ്രാൻഡ് മരുന്നിന് തുല്യമാണെന്നും ആരോഗ്യരംഗത്ത് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഇത് സഹായിക്കുമെന്നും ഹെൽത്ത് കാനഡ അറിയിച്ചു.
