ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഡോളറിനെതിരെ 95.20 രൂപ എന്ന നിലയിലേക്കാണ് മൂല്യം ഇടിഞ്ഞത്. ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായതും ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.
ഇന്റർബാങ്ക് വിദേശ വിനിമയ വിപണിയിൽ 95.01-ൽ വ്യാപാരം ആരംഭിച്ച രൂപ, നിമിഷങ്ങൾക്കകം 95.20 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് താഴുകയായിരുന്നു. യുഎസ്-ഇറാൻ തർക്കത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലെത്തി. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹുർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയതും എണ്ണവില ഉയരാൻ കാരണമായി.

ഈ വർഷം മാത്രം രൂപയുടെ മൂല്യത്തിൽ 5.8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വലിയ മൂല്യത്തകർച്ച നേരിടുന്ന കറൻസിയായി രൂപ മാറി. എണ്ണവില വർദ്ധനവിന് പുറമെ, യുഎസ് സെൻട്രൽ ബാങ്ക് (ഫെഡറൽ റിസർവ്) പലിശ നിരക്കുകളിൽ മാറ്റം വരുത്താത്തതും ഡോളർ കരുത്താർജ്ജിക്കാൻ കാരണമായി. ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർദ്ധിക്കാൻ ഈ തകർച്ച ഇടയാക്കും. എണ്ണവില ഇനിയും ഉയർന്നാൽ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ
