ഓട്ടവ: കാനഡയിൽ ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഇനിയും നികുതി ഫയൽ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്. പ്രമുഖ നികുതി സേവന ദാതാക്കളായ എച്ച് ആർ ബ്ലോക്ക് കാനഡ തിങ്കളാഴ്ച പുറത്തുവിട്ട സർവേ പ്രകാരം, ഏകദേശം 28% കനേഡിയൻമാർ ഇനിയും നികുതി വിവരങ്ങൾ സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഇതേ സമയത്ത് 22% പേരായിരുന്നു നികുതി ഫയൽ ചെയ്യാൻ ബാക്കിയുണ്ടായിരുന്നത്. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും ഇന്ന് രാത്രിയോടെ ഫയൽ ചെയ്യാമെന്ന പ്രതീക്ഷയിലാണെങ്കിലും, തിരിച്ചടയ്ക്കേണ്ട തുകയെക്കുറിച്ചുള്ള ആശങ്ക കാരണം മനപ്പൂർവ്വം വൈകിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഏപ്രിൽ 30-നകം നികുതി ഫയൽ ചെയ്യാത്തവർക്ക് കാനഡ റെവന്യൂ ഏജൻസി (CRA) കനത്ത പിഴ ശിക്ഷ നൽകും. നികുതി കുടിശ്ശികയുള്ളവർ അഞ്ച് ശതമാനം തുക ഉടനടി പിഴയായി നൽകേണ്ടി വരും. കൂടാതെ, ഓരോ മാസത്തെ കാലതാമസത്തിനും ഒരു ശതമാനം വീതം അധിക പിഴയും ഈടാക്കും. മുൻ വർഷങ്ങളിൽ നികുതി വൈകിപ്പിച്ചതിന് പിഴയൊടുക്കിയവർക്ക് ഇത്തവണ ശിക്ഷാ തുക ഇരട്ടിയാകുമെന്നും എച്ച് ആർ ബ്ലോക്ക് മുന്നറിയിപ്പ് നൽകി. വിവിധ പ്രവിശ്യകളിൽ ഒന്റാരിയോയിലാണ് ഏറ്റവും കൂടുതൽ പേർ നികുതി ഫയൽ ചെയ്യാൻ ബാക്കിയുള്ളത്.

നികുതി അടയ്ക്കാൻ ഇല്ലാത്തവർ പോലും കൃത്യസമയത്ത് റിട്ടേൺ സമർപ്പിക്കുന്നത് ഗുണകരമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നികുതി ഫയലുകൾ കൃത്യമായാൽ മാത്രമേ ഫെഡറൽ ഗവൺമെന്റിന്റെ വിവിധ ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളും ലഭ്യമാകൂ. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നികുതി ഫയൽ ചെയ്യാൻ ജൂൺ 15 വരെ സമയമുണ്ടെങ്കിലും, അടയ്ക്കാനുള്ള നികുതി തുക ഏപ്രിൽ 30-നകം തന്നെ നൽകിയിരിക്കണം. പണമടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ അവർക്കും പിഴ ശിക്ഷ ബാധകമായിരിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
