വാഷിങ്ടൺ: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതി കോൾ തോമസ് അലന്റെ ദൃശ്യങ്ങൾ ഫെഡറൽ പ്രോസിക്യൂട്ടർമാർ പുറത്തുവിട്ടു. സംഭവത്തിന് തലേദിവസം പ്രതി ഹോട്ടലിൽ നടത്തിയ നിരീക്ഷണം മുതൽ ആക്രമണ നിമിഷം വരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവത്തിന് ഒരു ദിവസം മുമ്പ് പ്രതി ഹോട്ടലിലെ ഇടനാഴികളിലൂടെ നടക്കുന്നതും ജിമ്മിൽ കയറി റിസപ്ഷനിസ്റ്റുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ശനിയാഴ്ച രാത്രി ഒരു വാതിലിലൂടെ ഓടിവന്ന പ്രതി, സുരക്ഷാ പരിശോധന നടക്കുന്ന മെറ്റൽ ഡിറ്റക്ടറുകൾക്ക് നേരെ ആയുധവുമായി പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

പ്രതി ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചു വെടിവെച്ചു. ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിൽ വെടിയേറ്റു. പത്രപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്ത വിരുന്നിനിടെ ഡോണാൾഡ് ട്രംപിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഏറ്റുമുട്ടലിനിടെ വീണ് പ്രതിയുടെ മുട്ടിന് പരിക്കേറ്റു. ഇയാളെ നിലവിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്.
സുരക്ഷാ ക്രമീകരണങ്ങൾ ശക്തമായിരുന്നുവെന്നും ട്രംപ് ഇരുന്നിരുന്ന വേദിയുടെ 355 അടി അകലെ വെച്ച് തന്നെ പ്രതിയെ തടയാനായെന്നും സീക്രട്ട് സർവീസ് ഡയറക്ടർ അറിയിച്ചു.
