ഓട്ടവ: ആൽബർട്ടയിൽ നിന്ന് പുതിയൊരു എണ്ണ പൈപ്പ് ലൈൻ നിർമ്മിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ഇറാൻ യുദ്ധം കാരണം ലോകമെങ്ങും ഇന്ധനത്തിന് ആവശ്യക്കാർ കൂടിയതും ഏഷ്യൻ വിപണികളിലേക്ക് എണ്ണ എത്തിക്കേണ്ടതിന്റെ ആവശ്യകതയും ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കേവലം ഒരു പദ്ധതിയല്ല, മറിച്ച് നടപ്പിലാകാൻ ഏറെ സാധ്യതയുള്ള ഒന്നാണെന്ന് അദ്ദേഹം തന്റെ ആദ്യ അഭിമുഖത്തിൽ വ്യക്തമാക്കി.
ആൽബർട്ട സർക്കാരുമായി ചേർന്ന് പരിസ്ഥിതി മലിനീകരണം കുറച്ചുകൊണ്ട് ഈ പദ്ധതി എങ്ങനെ പൂർത്തിയാക്കാം എന്നാണ് ഫെഡറൽ സർക്കാർ ആലോചിക്കുന്നത്. നിലവിൽ വടക്കൻ ബി.സി. വഴിയുള്ള പൈപ് ലൈനിനെ എതിർക്കുന്നുണ്ടെങ്കിലും, മറ്റ് പല റൂട്ടുകളും സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇൻഡിജിനസ് കമ്മ്യൂണിറ്റിയുടെ എതിർപ്പും പരിസ്ഥിതി പ്രശ്നങ്ങളും കുറവായ സതേൺ റൂട്ടിനാണ് കൂടുതൽ മുൻഗണനയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അമേരിക്കയിൽ ഡോണൾഡ് ട്രംപ് പുതിയ പൈപ്പ് ലൈൻ പദ്ധതികൾക്ക് അനുമതി നൽകിയത് ഈ മേഖലയിൽ പ്രതീക്ഷ നൽകുന്നുണ്ടെന്നും കാർണി പറഞ്ഞു. സർക്കാർ പിന്തുണയുണ്ടെങ്കിലും പദ്ധതി ഏറ്റെടുത്ത് നടത്താൻ സ്വകാര്യ കമ്പനികൾ കൂടി മുന്നോട്ട് വരേണ്ടതുണ്ട്.
