ഓട്ടവ: കാനഡയിൽ ദേശീയ ഫുട്ബോൾ പരിശീലന കേന്ദ്രം നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് വൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. പദ്ധതിയുടെ പ്ലാനിങ്, ഡിസൈൻ, പ്രീ-കൺസ്ട്രക്ഷൻ ഘട്ടങ്ങൾക്കായി ‘ബിൽഡ് കമ്മ്യൂണിറ്റീസ് സ്ട്രോങ്ങ്’ ഫണ്ടിൽ നിന്ന് 9.8 മില്യൺ ഡോളർ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു. കനേഡിയൻ ഫുട്ബോളിന്റെ സ്ഥിരം ആസ്ഥാനമായി മാറുന്ന ഈ കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക-സാമൂഹിക കാമ്പസായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഔട്ട്ഡോർ ഫീൽഡുകൾ, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഇൻഡോർ പിച്ച്, ഹൈ-പെർഫോമൻസ് ട്രെയിനിങ് സൗകര്യങ്ങൾ എന്നിവ ഇതിന്റെ ഭാഗമായിരിക്കുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി ഗ്രെഗർ റോബർട്ട്സൺ വ്യക്തമാക്കി.
കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ നീക്കിവെച്ച 250 മില്യൺ ഡോളറിന്റെ ഭാഗമായാണ് ഈ തുക ലഭ്യമാക്കുന്നത്. കൂടാതെ, കടക്കെണിയിലായ ദേശീയ കായിക സംഘടനകളെ സഹായിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തേക്ക് 660 മില്യൺ ഡോളർ കൂടി സർക്കാർ മാറ്റിവെച്ചിട്ടുണ്ട്. കനേഡിയൻ കായിക ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണിതെന്ന് കായിക കാര്യ സെക്രട്ടറി ആദം വാൻ കോവർഡൻ വിശേഷിപ്പിച്ചു. പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി പങ്കാളികളെ തേടി കാനഡ സോക്കർ നേരത്തെ നടത്തിയ ആഹ്വാനത്തിന് രാജ്യത്തുടനീളം നിന്ന് 18 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ വരും ആഴ്ചകളിൽ ആരംഭിക്കും.

ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ പ്രമുഖ ഫുട്ബോൾ രാഷ്ട്രങ്ങൾക്കെല്ലാം സ്വന്തമായി ദേശീയ പരിശീലന കേന്ദ്രങ്ങളുണ്ടെങ്കിലും കാനഡയ്ക്ക് ഇതുവരെ അത്തരമൊന്ന് ഉണ്ടായിരുന്നില്ല. ഈ വിടവ് നികത്താൻ പുതിയ പദ്ധതി സഹായിക്കുമെന്ന് കാനഡ സോക്കർ പ്രസിഡന്റ് പീറ്റർ അഗ്രുസോ പറഞ്ഞു. വരാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ വലിയൊരു പൈതൃകമായി ഈ കേന്ദ്രം നിലനിൽക്കും. വലിയ കായിക മാമാങ്കങ്ങൾ വരുമ്പോൾ മാത്രം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന രീതി മാറ്റി, കാനഡയിലെ ദേശീയ ടീമുകൾക്കായി സ്ഥിരം സംവിധാനങ്ങൾ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വൻകൂവറും ടൊറന്റോയും ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ഈ നിർണ്ണായക പ്രഖ്യാപനം.
