Sunday, May 3, 2026

‘ഇറാനെതിരെ ആക്രമണം പുനരാരംഭിച്ചേക്കും; സമാധാന പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പരിശോധിക്കും’: ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ സമര്‍പ്പിച്ച പുതിയ സമാധാന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. എന്നാല്‍, ഇറാനെതിരെയുള്ള സൈനിക നീക്കങ്ങള്‍ പുനരാരംഭിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. കഴിഞ്ഞ 47 വര്‍ഷമായി ഇറാന്‍ ലോകത്തിന് വരുത്തിവെച്ച നാശനഷ്ടങ്ങള്‍ക്ക് അവര്‍ ഇനിയും അര്‍ഹമായ വില നല്‍കിയിട്ടില്ലെന്നും, അതിനാല്‍ നിലവിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇതിനിടെ, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പര്‍ യുഎസ്എസ് ട്രിപ്പോളി സന്ദര്‍ശിച്ച് കപ്പലിന്റെ യുദ്ധസജ്ജത വിലയിരുത്തിയത് മേഖലയില്‍ സംഘര്‍ഷഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയമം ഇറാന്‍ പാര്‍ലമെന്റ് ഉടന്‍ അംഗീകരിച്ചേക്കും. ജലപാതയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാനാണ് ഇറാന്റെ നീക്കം. ഇസ്രായേലി കപ്പലുകളെ ശാശ്വതമായി തടയുമെന്നും, അമേരിക്കയും സഖ്യകക്ഷികളും യുദ്ധ നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ അവരുടെ കപ്പലുകള്‍ കടത്തിവിടുകയുള്ളൂ എന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന് ടോള്‍ നല്‍കുന്ന കപ്പല്‍ കമ്പനികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കയും തിരിച്ചടിച്ചു.

തങ്ങള്‍ യുദ്ധത്തെ ഭയപ്പെടുന്നില്ലെന്നും രാജ്യത്തിന്റെ അന്തസ്സ് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്നും ഇറാന്‍ ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈന്‍ മൊഹ്‌സെനി ഇജായ് വ്യക്തമാക്കി. ഇറാന്‍ കപ്പലുകള്‍ പിടിച്ചെടുത്ത ട്രംപിന്റെ നടപടി കടല്‍ക്കൊള്ളയാണെന്ന് വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വിമര്‍ശിച്ചു. യുദ്ധം പുനരാരംഭിച്ചാല്‍ പുതിയ ആയുധങ്ങളും തന്ത്രങ്ങളും പ്രയോഗിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് മുഹമ്മദ് അക്രമിനിയ മുന്നറിയിപ്പ് നല്‍കിയതോടെ പശ്ചിമേഷ്യ വീണ്ടും കനത്ത യുദ്ധഭീഷണിയിലായിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!