Sunday, May 3, 2026

ഏപ്രിലില്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാതെ കുവൈറ്റ്; 30 വര്‍ഷത്തിനിടെ ഇതാദ്യം

കുവെറ്റ് സിറ്റി: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി കുവൈറ്റില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ കയറ്റുമതി പൂര്‍ണ്ണമായും നിലച്ചു. 2026 ഏപ്രിലില്‍ രാജ്യം ഒരു ബാരല്‍ ക്രൂഡ് ഓയില്‍ പോലും വിദേശത്തേക്ക് അയച്ചിട്ടില്ലെന്ന് കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ‘ടാങ്കര്‍ ട്രാക്കേഴ്സ്’ റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം ഗള്‍ഫ് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് കുവൈറ്റ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെ പ്രധാന കാരണം.

നിലവില്‍ കുവൈറ്റ് എണ്ണ ഉല്‍പ്പാദനം തുടരുന്നുണ്ടെങ്കിലും അവ കയറ്റുമതി ചെയ്യുന്നതിന് പകരം സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ ഒരു ഭാഗം രാജ്യത്തെ റിഫൈനറികളില്‍ ശുദ്ധീകരിച്ച് ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നുണ്ട്. ഇവയില്‍ ചിലത് കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും അസംസ്‌കൃത എണ്ണയുടെ വിപണനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചത് ഏഷ്യയിലെയും യൂറോപ്പിലെയും ഊര്‍ജ്ജ വിപണികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനും ഖത്തര്‍ ഇറാനോട് ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ആഗോള ഊര്‍ജ്ജ-ഭക്ഷ്യ വിതരണ ശൃംഖലയെ തകര്‍ക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍-താനി വ്യക്തമാക്കി. ഇതിനിടെ, യുഎസ് നാവികസേന പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ 48 കപ്പലുകള്‍ പാത മാറ്റി സഞ്ചരിച്ചതായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നല്‍കുന്ന വിവരം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!